വയനാട് കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, പയ്യമ്പള്ളിയിൽ നിരോധനാജ്ഞ.

elephant attack in wayanad

 

കല്‍പറ്റ: വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. കുറുവ ദ്വീപിനു സമീപം ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജിക്കാണു ദാരുണാന്ത്യം. ഇന്ന് രാവിലെ 7:30ഓടെയാണു സംഭവം.

കർണാടക വനാതിര്‍ത്തിയിൽനിന്ന് എത്തിയ റേഡിയോ ഘടിപ്പിച്ച കാട്ടാനയാണ് ആക്രമിച്ചത്. വീട്ടുമുറ്റത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിന്നാലെ വയനാട് പയ്യമ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാലാണു നടപടി. പ്രദേശത്തേക്ക് കൂടുതൽ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ, കാടൻകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര പ്രാധാന്യമുള്ളതിനാൽ വാക്കാലുള്ള നിർദേശമാണ് നിലവിൽ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഇന്നലെ രാത്രി തോൽപ്പെട്ടിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വനം വകുപ്പ് വാച്ചർ വെങ്കിടദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *