അവസാനിക്കാത്ത വംശീയതയുടെ ഫൗൾ പ്ലേ; ബം​ഗ​ളൂ​രു ആ​രാ​ധ​ക​രു​ടെ അ​ധി​ക്ഷേ​പ​ത്തി​നി​ര​യാ​യി ബ്ലാ​സ്റ്റേ​ഴ്സ് താ​രം

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​നി​ടെ എ​തി​ർ ടീം ​ആ​രാ​ധ​ക​രി​ൽ​നി​ന്നു​ള്ള വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് വീ​ണ്ടും ഇ​ര​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം. മ​ഞ്ഞ​പ്പ​ട​യു​ടെ ജ​ഴ്സി​യി​ൽ അ​ര​ങ്ങേ​റ്റ സീ​സ​ൺ ക​ളി​ക്കു​ന്ന സെ​ന​ഗ​ൽ പ്ര​തി​രോ​ധ താ​രം ഫാ​ലോ എ​ൻ​ഡി​യാ​യെ​ക്കെ​തി​രെ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ എ​തി​രാ​ളി​ക​ളു​ടെ ഗാ​ല​റി​യി​ൽ​നി​ന്ന് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. ബം​ഗ​ളൂ​രു​വി​ലെ ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സീ​സ​ണി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യാ​ഹ്ലാ​ദ​ത്തി​ന്‍റെ പൊ​ലി​മ കു​റ​ക്കു​ന്ന​താ​യി​രു​ന്നു ഈ ​സം​ഭ​വം.

വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്റി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും ഐ.​എ​സ്.​എ​ൽ, എ.​ഐ.​എ​ഫ്.​എ​ഫ് അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ ഈ ​വി​ഷ​യം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക്ല​ബ് അ​റി​യി​ച്ചു. താ​ര​ത്തി​ന്‍റെ പേ​ര് പ​റ​യാ​തെ​യാ​ണ് ഔ​ദ്യോ​ഗി​ക കു​റി​പ്പ്. വി​ഷ​യ​ത്തി​ൽ അ​പ​ല​പി​ച്ചും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യും ബം​ഗ‍ളൂ​രു എ​ഫ്.​സി​യും രം​ഗ​ത്തെ​ത്തി. ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ണി​ലെ ക​ന്നി​ജ​യം നേ​ടി​യ​ത്. ഇ​തി​നി​ടെ ഗാ​ല​റി​യി​ൽ​നി​ന്ന് ഫാ​ലോ എ​ൻ​ഡി​യാ​യെ​ക്കെ​തി​രെ വം​ശീ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​രു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ത​ങ്ങ​ളു​ടെ ക​ളി​ക്കാ​ര​ന്റെ അ​ന്ത​സ്സ് സം​ര​ക്ഷി​ക്കാ​ൻ ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഫു​ട്ബാ​ളി​ൽ വം​ശീ​യ​ത​ക്ക് സ്ഥാ​ന​മി​ല്ലെ​ന്നും കെ.​ബി.​എ​ഫ്.​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​താ​ദ്യ​മാ​യ​ല്ല ചി​ര​വൈ​രി​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യി​ൽ​നി​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. ഐ.​എ​സ്.​എ​ൽ 2023-24 സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്‌.​സി​യു​ടെ മു​ന്നേ​റ്റ​താ​രം റ​യാ​ൻ വി​ല്യം​സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഡി​ഫ​ൻ​ഡ​ർ ഐ​ബാ​ൻ ദോ​ലിം​ഗി​ന് നേ​രെ മൂ​ക്ക് പൊ​ത്തി ആം​ഗ്യം കാ​ണി​ച്ച​ത് വം​ശീ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ്ലാ​സ്റ്റേ​ഴ്‌​സ് എ.​ഐ.​എ​ഫ്.​എ​ഫി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​തി​നാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എ.​ഐ.​എ​ഫ്.​എ​ഫ് നി​ർ​ബ​ന്ധി​ത​രാ​യേ​ക്കും. മാ​ച്ച് ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് തെ​റ്റ് ക​ണ്ടെ​ത്തി​യാ​ൽ ഹോ​സ്റ്റ് ക്ല​ബ്ബാ​യ ബം​ഗ​ളൂ​രു എ​ഫ്‌.​സി​ക്ക് വ​ലി​യ പി​ഴ ചു​മ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.

ആ​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​ങ്ങി -ബം​ഗ​ളൂ​രു എ​ഫ്.​സി

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ത്തി​നു നേ​രാ​യ വം​ശീ​യ അ​ധി​ക്ഷേ​പ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് ബം​ഗ​ളൂ​രു എ​ഫ്.​സി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. വം​ശീ​യ​ത ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണ്. അ​ത് ന​മ്മു​ടെ കാ​യി​ക​രം​ഗ​ത്ത് ഒ​രി​ട​ത്തും അ​നു​വ​ദി​ക്കാ​നാ​വി​ല്ല. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യെ ക​ണ്ടെ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഞ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. വം​ശീ​യ​ത​യും വി​വേ​ച​ന​വും ഏ​ത് രൂ​പ​ത്തി​ലാ​യാ​ലും അ​തി​നെ​തി​രെ ബം​ഗ​ളൂ​രു എ​ഫ്.​സി ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​മെ​ന്നും ടീം ​പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.