15 മണിക്കൂർ പിന്നിട്ടിട്ടും രണ്ടുവയസുകാരിയെ കണ്ടെത്താനായില്ല; വ്യാപക പരിശോധനയുമായി പൊലീസ്

Even after 15 hours, the two-year-old girl could not be found; Police with extensive investigation

 

തിരുവനന്തപുരം പേട്ടയിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 15 മണിക്കൂർ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ബിഹാർ സ്വദേശിയായ കുട്ടിയെ ഉറങ്ങിക്കിടന്ന ടെന്റിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളാണ് പരാതി നൽകിയത്. അതേസമയം, സംഭവത്തില്‍ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. രാത്രി 12ന് ശേഷം കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ കണ്ടെത്താനായി വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്.

സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചു തിരച്ചിൽ തുടരുന്നതിനിടെയാണ് രാത്രിസമയത്തെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. ബ്രഹ്മോസിനു സമീപത്തുകൂടെ രണ്ടുപേർ ബൈക്കിൽ പോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ഇവർക്കിടയിൽ ഒരു കുട്ടിയും ഉള്ളതായി സംശയിക്കുന്നുണ്ട്. രാത്രി 12നുശേഷമുള്ള ദൃശ്യങ്ങളാണിവ. കുട്ടിയെ കാണാതായതിനു സമീപത്തുനിന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്.

പേട്ട ഓൾ സെയ്ന്റ്‌സ് കോളേജിന്റെ പിറകിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മകളെയാണ് പുലർച്ചെ ഒരു മണിയോടെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. മഞ്ഞ ആക്റ്റീവ സ്‌കൂട്ടറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ ആറുവയസ്സുകാരനായ സഹോദരൻ പൊലീസിൽ മൊഴി നൽകി. പുലർച്ചെ രണ്ടരയ്ക്ക് നൽകിയ പരാതിയിൽ പൊലീസ് പരിശോധന തുടങ്ങി. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കന്യാകുമാരിയിലും പരിശോധന ഊർജിതപ്പെടുത്തി. എന്നാൽ 10 മണിയോടെ അന്വേഷണത്തിൽ ട്വിസ്റ്റ് ഉണ്ടായി.

തട്ടിക്കൊണ്ടുപോകൽ നടന്നോയെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ലെന്നും സ്‌കൂട്ടർ കഥയിൽ വ്യക്തത വന്നിട്ടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു തന്നെ വ്യക്തമാക്കി. അതിനിടെയാണ് കുട്ടിയെ കണ്ടെന്ന് ഈഞ്ചയ്ക്കലിൽനിന്നുള്ള ഒരു കുടുംബം പൊലീസിനെ അറിയിച്ചത്. വാഹനത്തിൽ കുട്ടിയെ കൊണ്ടുപോകുന്നതു കണ്ടെന്നാണു മൊഴി. പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ഇവരെ കൂടുതൽ മൊഴിയെടുക്കാനായാണ് പേട്ട പൊലീസ് സ്റ്റേഷനിലേക്കാണ് വിളിച്ചുവരുത്തിയത്.എന്നാൽ മൊഴിയിൽ പറയുന്ന സമയത്ത് പരിസരത്ത് അസ്വഭാവിക നീക്കങ്ങൾ ഇല്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *