സൗദിയിൽ പ്രവാസികൾക്കും ഭൂമി വാങ്ങാം; നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ
റിയാദ്: സൗദിയിൽ പ്രവാസികൾക്കും ഭൂമി വാങ്ങാനുള്ള നിയമം അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ വരും. റിയാദ്, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും പ്രവാസികൾക്കും ഭൂമി വാങ്ങാൻ കഴിയുക. ഇതിനായി പരിഷ്കരിച്ച റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിന് മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. കിരീടാവകാശിയുടെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.Saudi Arabia
റിയൽ എസ്റ്റേറ്റ് മേഖല വികസിപ്പിക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം വർധിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നിർണായക തീരുമാനം. മക്ക മദീന തുടങ്ങിയ പ്രത്യേക പ്രദേശങ്ങളിൽ നിയമം ബാധകമാവില്ല. സ്വന്തമാക്കാൻ കഴിയുന്ന ഭൂമിയുടെ പരിധി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ നിയമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അതോറിറ്റിയുടെ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.