പാലക്കാട് കോൺ​ഗ്രസിൽ പൊട്ടിത്തെറി; എ.കെ ഷാനിബ് പാര്‍ട്ടി വിട്ടു

Explosion in Palakkad Congress; AK Shanib left the party

 

പാലക്കാട്: ഉപതെരപഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് പാർട്ടി വിട്ടു.

പാലക്കാട് – വടകര – ആറന്മുള കരാർ കോൺഗ്രസും ബിജെപിയും തമ്മിലുണ്ടെന്നും ഇതിന്‍റെ രക്തസാക്ഷിയാണ് കെ. മുരളീധരൻ എന്നും ഷാനിബ് പറഞ്ഞു. ഈ കരാറിന്‍റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. സിപിഎം തുടർ ഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയ്ക്ക് രണ്ടാം സ്ഥാനമുള്ള പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ വടകരയിലെത്തിച്ച് മത്സരിപ്പിച്ചു. പാലക്കാട് ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിക്കാനായിരുന്നു ഇതെന്നും ഷാനിബ് പറഞ്ഞു.

ഉമ്മൻ ചാണ്ടി സാറ് പോയ ശേഷം നമ്മളെ കേൾക്കാൻ ആരുമില്ലെന്ന് വിതുമ്പിക്കരഞ്ഞ് എ.കെ. ഷാനിബ് പറഞ്ഞു. ഉമ്മൻ ചാണ്ടി പോയതോടെ കോൺഗ്രസ് ഇല്ലാതായി. അദ്ദേഹത്തിന്റെ പേരിൽ നടത്തുന്ന നാടകങ്ങൾ കണ്ടാണ് ഇതെല്ലാം തുറന്ന് പറയുന്നതെന്നും മാധ്യമങ്ങളോട് ഷാനിബ് പറഞ്ഞു. ഒരുപാട് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഇതുപോലെ കാര്യങ്ങൾ തുറന്ന് പറയാനുണ്ട്. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്‍റെയും വി.ഡി. സതീശന്‍റെയും നേതൃത്വത്തിൽ ഈ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം പാർട്ടി വിട്ട താൻ മറ്റൊരു മുന്നണിയിലും ചേരുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *