ഫൗൾ വിനയായി; ഖത്തർ താരത്തിന് അഞ്ച് മത്സരങ്ങളിൽ വിലക്ക്

സീറ്റിൽ: കാനഡ മിഡ്ഫീൽഡർ ഇസ്മായിൽ കോനെയെ ഗുരുതരമായി പരിക്കേൽപ്പിച്ച ഫൗളിന് ഖത്തർ മിഡ്ഫീൽഡർ അസിം മാഡിബോയ്ക്ക് ഫിഫ അഞ്ച് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ഫൗളിനാണ് ഫിഫ ഡിസിപ്ലിനറി കമ്മിറ്റി ബുധനാഴ്ച ഈ കടുത്ത നടപടി പ്രഖ്യാപിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാഡിബോ നടത്തിയ ടാക്ലിംഗിലാണ് ഇസ്മായിൽ കോനെയുടെ കാൽ ഒടിഞ്ഞത്. മത്സരത്തിൽ കാനഡയോട് 6-0 എന്ന വലിയ തോൽവിയാണ് ഖത്തർ വഴങ്ങിയത്. കടുത്ത ഫൗൾ പ്ലേയ്ക്കാണ് മാഡിബോയ്ക്ക് അഞ്ച് മത്സരങ്ങളുടെ സസ്പെൻഷൻ നൽകിയിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ ഖത്തറിന് ഫിഫ അപ്പീൽ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.

പരിക്കേറ്റ കോനെയെ ഇതിനകം തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. മാഡിബോയും ഖത്തർ കായിക മന്ത്രിയും ആശുപത്രിയിലെത്തി കോനെയെ സന്ദർശിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചതായും ഖത്തർ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ഫൗളിന് തൊട്ടുപിന്നാലെ അതീവ ദുഃഖിതനായി തലയിൽ കൈവെച്ചിരിക്കുന്ന മാഡിബോയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ അവസാന മത്സരത്തിൽ ഖത്തർ ഇന്ന് ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. കാനഡയുടെ ഇന്നത്തെ എതിരാളികൾ സ്വിറ്റ്സർലൻഡാണ്.