ലോകകപ്പിൽ 16 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ ഫിഫ ഒരുങ്ങുന്നു; 2030ൽ 64 ടീമുകൾ മാറ്റുരക്കും

സൂറിച്ച്: ലോകകപ്പിന്റെ വലിപ്പം വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി ഫിഫ. നിലവിൽ നടക്കുന്ന ലോകകപ്പുകളിൽ നിന്ന് മാറി 16 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ടൂർണമെന്റ് വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ അറിയിച്ചു. 2030-ലെ ലോകകപ്പിന് മുന്നോടിയായി ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്ബാൾ ലോകകപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2030-ലെ ടൂർണമെന്റ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിപുലീകരണത്തോടെയാണ് നടക്കാൻ പോകുന്നത്. മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായാണ് ഈ എഡിഷൻ അരങ്ങേറുക. മൊറോക്കോ, പോർച്ചുഗൽ, സ്‌പെയിൻ എന്നിവർ പ്രധാന ആതിഥേയരാകുമ്പോൾ, ലോകകപ്പിന്റെ ഉദ്ഘാടന മത്സരങ്ങൾക്ക് വേദിയാകുന്നത് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വായ്, പരാഗ്വേ, അർജന്റീന എന്നിവരാണ്. ടൂർണമെന്റിന്റെ ആദ്യഘട്ട മത്സരങ്ങൾക്ക് മാത്രമാണ് ഈ മൂന്ന് രാജ്യങ്ങൾ വേദിയാവുകയെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ ആതിഥേയത്വത്തിനാണ് 2030 സാക്ഷ്യം വഹിക്കുന്നത്.