ഫിഫ റാങ്കിങ്: അർജന്റീന തന്നെ ഒന്നാമത്, ഇന്ത്യയുടെ കാര്യം കഷ്ടം
സൂറിച്ച്: തുടർച്ചയായ രണ്ടാം തവണയും റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി വർഷം അവസാനിപ്പിച്ച് അർജന്റീന. 1867.25 പോയന്റുകളുമായാണ് അർജന്റീന ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 1859.78 പോയന്റുള്ള ഫ്രാൻസാണ് തൊട്ടുപിന്നിൽ. 1853.27 പോയന്റുമായി സ്പെയിൻ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും നിൽക്കുന്നു.FIFA
ഏറെക്കാലം ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ബ്രസീൽ അഞ്ചാംസ്ഥാനത്താണ്. പോർച്ചുഗൽ, നെതർലൻഡ്സ്, ബെൽജിയം, ഇറ്റലി, ജർമനി എന്നിവരാണ് തുടങ്ങിയ സ്ഥാനങ്ങളിലുള്ളത്. മുൻ റാങ്കിങ്ങിൽ നിന്നും മാറ്റമില്ലാതെയാണ് ആദ്യ പത്ത് സ്ഥാനങ്ങൾ തുടരുന്നത്.
15ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യയിൽ നിന്നും ഒന്നാമതുള്ളത്. ഇറാൻ 18ാമതും ദക്ഷിണ കൊറിയ 23ാം സ്ഥാനത്തും നിൽക്കുന്നു. 126ാം സ്ഥാനത്താണ് ഇന്ത്യ. ഒരു വർഷമായി ഒരു മത്സരവും വിജയിച്ചില്ലെങ്കിലും ഇന്തൊനീഷ്യ രണ്ട് സ്ഥാനങ്ങൾ താഴെയിറങ്ങിയതോടെ ഇന്ത്യ ഒരുസ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
14ാം സ്ഥാനത്തുള്ള മൊറോക്കോയാണ് ആഫ്രിക്കയിൽ നിന്നും ഒന്നാമത്. സെനഗൽ 17ാമതും ഈജിപ്ത് 33ാമതും നിൽക്കുന്നു.