ഇറാന്റെ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ തയാറെന്ന് മെക്സികോ

മെക്സികോ സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത്, 2026 ലോകകപ്പിലെ ഇറാന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു. ഇറാൻ ടീമിന്റെ സുരക്ഷാ കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഇറാൻ താരങ്ങൾ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനെത്തുടർന്ന് തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ ഫിഫയുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
നിലവിലെ യുദ്ധസാഹചര്യത്തിൽ സുരക്ഷാഭീഷണിയുള്ളതിനാൽ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബാളിലെ തങ്ങളുടെ ഗ്രൂപ് മത്സരങ്ങൾ അമേരിക്കയിൽ നിന്നും മെക്സികോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തിൽ യു.എസും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇറാൻ കായിക മന്ത്രി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
ഇറാൻ ടീമിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷയും ജീവനും കണക്കിലെടുത്ത് അവർ അമേരിക്കയിൽ കളിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ മത്സരങ്ങൾ മെക്സികോയിലേക്ക് മാറ്റുന്നതിനോട് തങ്ങൾക്ക് യോജിപ്പാണെന്ന് പ്രസിഡന്റ് ക്ലോഡിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ലോകത്തെ എല്ലാ രാജ്യങ്ങളുമായും മെക്സികോക്ക് നയതന്ത്ര ബന്ധമുണ്ടെന്നും ഫിഫയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
‘തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയ സ്ഥിതിക്ക് ടീം അമേരിക്കയിലേക്ക് പോകില്ല’ എന്ന് ഇറാൻ ഫുട്ബാൾ മേധാവി മെഹ്ദി താജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. മത്സരങ്ങൾ മെക്സികോയിൽ നടത്താനാണ് ഇറാനും താൽപര്യപ്പെടുന്നത്.
