ഭക്ഷ്യവസ്തുക്കളുടെ വിലയേറുന്നു; റീട്ടെയ്ൽ പണപ്പെരുപ്പം മേലോട്ട്
ഡൽഹി: സവാള, തക്കാളി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പിന്നാലെ ഒക്ടോബറിൽ റീട്ടെയ്ൽ പണപ്പെരുപ്പം വർധിച്ചു. ആർബിഐ നിശ്ചയിച്ച നിരക്കിനെയും മറികടന്ന് 6.21 ശതമാനമായാണ് വർധന. കഴിഞ്ഞ മാസം ഇത് 5.49 ശതമാനമായിരുന്നു. റീട്ടെയ്ൽ പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്തുക എന്നതാണ് ആർബിഐയുടെ ലക്ഷ്യം.prices
റീട്ടെയ്ൽ പണപ്പെരുപ്പം (ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം) 2023 ഒക്ടോബറിൽ 4.87 ശതമാനമായിരുന്നു. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്കരിക്കാൻ പ്രധാനമായും വിലയിരുത്തുന്നത് ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പമാണ്.
ഒരാഴ്ചയ്ക്കിടെ സവാള വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഒക്ടോബറിൽ കിലോയ്ക്ക് 29-35 രൂപയായിരുന്ന സവാള വിലയാണ് മിക്ക ജില്ലകളിലും 70-80 രൂപ കടന്നത്. തക്കാളിക്കും വില കൂടിത്തുടങ്ങി. ഒക്ടോബറിൽ കിലോയ്ക്ക് ശരാശരി 60 രൂപയായിരുന്ന വില പിന്നീട് കുറഞ്ഞെങ്കിലും വീണ്ടും ഉയരുകയായിരുന്നു.