കാൽപാടുകൾ വീട്ടുമുറ്റത്തും, കടുവയെ തേടി വനംവകുപ്പ്; പരിശോധന തുടരുന്നു
വയനാട്: വയനാട് കല്ലൂർകുന്നിലും സമീപത്തെ വയലിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. യുവാവിനെ കടുവ കൊന്ന വാകേരിയിൽ നിന്ന് 5 കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.
കല്ലൂർകുന്നിലെ ഒരു വീട്ടുമുറ്റത്താണ് കടുവയുടെ കാൽപാടുകൾ ആദ്യം കണ്ടത്. പരിശോധനയിൽ സമീപത്തെ വയലിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. കടുവയുടെ കാൽപാടുകൾ തന്നെയെന്ന് വനപാലകർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ശാസ്ത്രീയ പരിശോധനകൾ അടക്കം നടത്താനുള്ള നടപടികളിലേക്ക് വനംവകുപ്പ് കടന്നുകഴിഞ്ഞു.
മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച കുങ്കിയാങ്കളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചും ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് ആർആർടി സംഘത്തിന്റെ തെരച്ചിൽ. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആൺകടുവക്കായാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
കർഷകനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ തിരിച്ചറിഞ്ഞെങ്കിലും ദിവസങ്ങളായി നടത്തിയ തിരച്ചിലിനൊടുവിലും കണ്ടെത്താനായിട്ടില്ല. പൂതാടി മൂടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷ് (36) എന്ന ക്ഷീരകർഷകൻ സ്വകാര്യഭൂമിയിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.