ബ്രിട്ടൻ്റെ മുൻ ഉപപ്രധാനമന്ത്രി ജോൺ പ്രെസ്‌കോട്ട് അന്തരിച്ചു
ലണ്ടൻ: ബ്രിട്ടൻ്റെ മുൻ ഉപപ്രധാനമന്ത്രി ആയിരുന്ന ജോൺ ലെസ്ലി പ്രെസ്‌കോട്ട്, (86) അന്തരിച്ചു. അൽഷിമേഴ്‌സ് ബാധിച്ച് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഒരു കെയർ ഹോമിൽ സമാധാനത്തോടെ പ്രെസ്‌കോട്ട് വിടവാങ്ങിയതായി കുടുംബം അറിയിച്ചു.John Prescott
1938ൽ വെയിൽസിൽ റെയിൽവേ സിഗ്നൽ ജീവനക്കാരന്റെ മകനായി ജനിച്ച പ്രെസ്കോട്ട് 15ാം വയസിൽ പഠനം ഉപേക്ഷിച്ചു. തുടർന്ന് വിവിധ ജോലികൾ ചെയ്‌തതിന് ശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന പ്രെസ്കോട്ട് 1997 ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബറിൻ്റെ വൻ തകർച്ചയ്ക്ക് ശേഷം ടോണി ബ്ലെയറിൻ്റെ ഉപപ്രധാനമന്ത്രിയായി.2007 വരെ യുകെയുടെ ഉപപ്രധാനമന്ത്രിയായും 2001 മുതൽ 2007 വരെ സ്റ്റേറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു . നാല് പതിറ്റാണ്ടോളം കിംഗ്സ്റ്റൺ ഓപ്പൺ ഹളിൻ്റെ പാർലമെൻ്റ് അംഗം കൂടിയായിരുന്നു പ്രെസ്‌കോട്ട്.
2010 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർലമെൻ്റ് അംഗമായി വിരമിച്ച ശേഷം , പ്രെസ്‌കോട്ട് ഒരു ലൈഫ് പിയർ ആയി 2024 വരെ ഹൗസ് ഓഫ് ലോർഡ്‌സിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് 2019ലാണ് പക്ഷാഘാതം സംഭവിക്കുകയും അൽഷിമേഴ്‌സ് ബാധിതനാവുകയും ചെയ്‌തത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ജൂലൈയിൽ പാർലമെന്റിന്റെ അപ്പർ ചേംബർ അംഗത്വം ഒഴിഞ്ഞു.
ടോണി ബ്ലെയറിനോടൊപ്പം രാജ്യത്തെ ലേബർ പാർട്ടിയെ മാറ്റാൻ സഹായിച്ച ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായൻമാരിലൊരാളായിരുന്നു പ്രെസ്‌കോട്ട്. അദ്ദേഹത്തിന്റെ മരണത്തോടെ താൻ തകർന്ന് പോയെന്നായിരുന്നു ബ്ലെയറിന്റെ പ്രതികരണം. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പ്രസ്‌കോട്ടിനെ പോലെ മറ്റാരുമില്ലെന്നും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബ്ലെയർ പറഞ്ഞു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ജേംസ് ഗോർഡൻ ബ്രൗണും പ്രെസ്‌കോട്ടിന്റെ മരണത്തിൽ അനുശോചിച്ചു.
ടൈറ്റൻ എന്നാണ് പ്രെസ്കോട്ടിനെ ബ്രൌൺ വിശേഷിപ്പിച്ചത്. കർക്കശ സ്വഭാവക്കാരാനായിരുന്നുവെങ്കിലും എല്ലാവരോടും മികച്ച രീതിയിലായിരുന്നു പ്രെസ്കോട്ട് പെരുമാറിയിരുന്നതെന്നാണ് ബ്രൌൺ വിശദമാക്കുന്നത്.