സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ഇന്ന് ബി.ജെ.പിയിൽ ചേരും
തിരുവനന്തപുരം: ദേവികുളത്തെ സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്. ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും. സി.പി.എമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് രാജേന്ദ്രന്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് ചർച്ച നടത്തിയതും ബി.ജെ.പിക്കൊപ്പം ചേരുമെന്നും രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2006 മുതൽ 2021 വരെ തുടർച്ചയായി മൂന്നു തവണ സി.പി.എം എം.എൽ.എയായിരുന്നു രാജേന്ദ്രൻ.
വ്യക്തിപരമായ താല്പര്യങ്ങള് മുന്‍നിര്‍ത്തിയല്ല ബി.ജെ.പിയിലേക്ക് പോകുന്നതെന്നും മറിച്ച് ജില്ലയുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നുമാണ് രാജേന്ദ്രന്റെ വിശദീകരണം.
