വിദ്യാർഥികളുടെ ഡാറ്റ നീക്കൽ മുൻ പ്രധാനാധ്യാപകന്റെ ലാപ്ടോപ് പരിശോധനക്കയക്കും

മഞ്ചേരി: വിദ്യാഭ്യാസ വകുപ്പിന്റെ ‘സമ്പൂർണ’ പോർട്ടലിൽനിന്ന് സ്കൂൾ വിദ്യാർഥികളുടെ വിവരങ്ങൾ നശിപ്പിച്ച സംഭവത്തിൽ സ്കൂളിലെ മുൻ പ്രധാനാധ്യാപകന്റെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ്. കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ഫായിസിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
എളങ്കൂർ മഞ്ഞപ്പറ്റ എച്ച്.ഐ.എം ഹൈസ്കൂളിന്റെ മെയിൽ ഹാക്ക് ചെയ്ത് പോർട്ടൽ ഓപൺ ചെയ്താണ് ഡാറ്റ ഡിലീറ്റ് ചെയ്തെന്ന പ്രധാനാധ്യാപകൻ നജ്മുദ്ദീന്റെ പരാതിയിലാണ് കേസ്. ബി.എൻ,എസ് 319(2), ഐ.ടി ആക്ട് പ്രകാരമാണ് കേസ്. എസ്.എസ്.എൽ.സി വിദ്യാർഥികൾ ഉൾപ്പെടെ 250 വിദ്യാർഥികളുടെ വിവരങ്ങൾ ഉപയോഗ ശൂന്യമാക്കിയെന്നാണ് പരാതി. 149 വിദ്യാർഥികളുടെ ഡാറ്റ, ഡിലീറ്റ് ഓപ്ഷൻ ഉപയോഗിച്ച് ഇല്ലാതാക്കുകയും ബാക്കി കുട്ടികളുടെ വിവരങ്ങൾ നിർജീവമാക്കുകയും ചെയ്തു.
ഡിലീറ്റ് ആക്കാൻ പ്രത്യേക കാരണം ബോധിപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ട്. ഇതനുസരിച്ച് ചില വിദ്യാർഥികൾ മരിച്ചു എന്ന കാരണം കാണിച്ചും മറ്റ് ചിലർ സ്ഥലത്തില്ലെന്ന കാരണം കാണിച്ചുമാണ് ഒഴിവാക്കിയത്. കഴിഞ്ഞ ഒക്ടോബർ 27ന് രാത്രിയായിരുന്നു സംഭവം. ഒക്ടോബർ 31ന് ആയിരുന്നു എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ഡാറ്റ വിദ്യാഭ്യാസ വകുപ്പിന് അപ് ലോഡ് ചെയ്യേണ്ടിയിരുന്നത്. ഇതിനു മൂന്ന് ദിവസം മുമ്പാണ് സംഭവം.
സ്കൂൾ അധികൃതർ സൈബർ പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് മുഖേന റോൾ ബാക്ക് ഓപ്ഷൻ ഉപയോഗിച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ഡാറ്റ തിരികെയെടുക്കുകയായിരുന്നു. ഐ.ടി ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ കേസ് എടുത്ത് അന്വേഷിക്കുന്നതെന്ന് മഞ്ചേരി ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ പറഞ്ഞു.
അധ്യാപകന്റെ ഫോൺ, ലാപ്ടോപ് എന്നിവ പൊലീസ് പരിശോധിച്ചു. സ്കൂൾ മാനേജ്മെന്റുമായുള്ള വിരോധമാണ് അധ്യാപകനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
