കേരളത്തിൽ ഇന്ന് ഫ്രെറ്റെനിറ്റി വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: രണ്ടാം ഘട്ട അലോട്ട്മെൻ്റ് പൂർത്തിയായ ശേഷവും മലബാറിൽ തുടരുന്ന പ്ളസ് വൺസീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയിൽ രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും കേരളത്തിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണം.
കേരളത്തിൽ ഈ വർഷത്തെ SSLC ഫലം പുറത്തുവന്ന് പ്ലസ് വൺ അലോട്ട്മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും സംസ്ഥാനത്തെ മലബാർ ജില്ലകളിൽ ഹയർസെക്കന്ററി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളിൽ ഏകജാലക സംവിധാനത്തിലൂടെ ഈ വർഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവർ 246086 വിദ്യാർത്ഥികളാണ്. ജൂൺ 11ന് വൈകിട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റിന് ശേഷം 127181 വിദ്യാർത്ഥികൾക്ക് മലബാറിൽ സീറ്റ് ലഭിച്ചിട്ടില്ല. മലബാർ ജില്ലകളിൽ ബാക്കി ലഭ്യമായിട്ടുള്ള 42641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84540 വിദ്യാർത്ഥികൾ മലബാറിൽ സീറ്റ് ഇല്ലാതെ പുറത്തു നിൽക്കേണ്ടിവരും. വിവിധ ജില്ലകളിലെ സീറ്റപര്യാപ്തത.
പാലക്കാട്- 17794
മലപ്പുറം-32239
കോഴിക്കോട്-16600
വയനാട്-3073
കണ്ണൂർ -9313
കാസർകോട്-5521
സീറ്റുകളുടെ കുറവ് എന്ന യാഥാർത്ഥ്യത്തെ സർക്കാർ ഇപ്പോഴും ബോധപൂർവ്വം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. പുതിയ സ്ഥിരം ബാച്ച് അനുവദിച്ചു കൊണ്ട് പ്രശ്‌ന പരിഹാരം നടത്തുന്നതിന് പകരം മാർജിനൽ സീറ്റ് വർദ്ധനവെന്ന അങ്ങേയറ്റം വിദ്യാർത്ഥി ദ്രോഹ നടപടികൾ തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ഹാദി റുഷ്ദ എന്ന പെൺകുട്ടി മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ്. 6 A+ ഉം 85% മാർക്കും ലഭിച്ചിട്ടും രണ്ട് അലോട്ട്മെൻ്റിലു പ്രവേശനം ലഭിക്കാതിരുന്ന വിദ്യാർത്ഥിനിയാണ് ഹാദി റുഷ്ദ. ഫുൾ A+ നേടിയ നിരവധി വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിൽ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണ്.
മലബാർ ജില്ലകളിൽ ആയിരക്കണക്കിന് സീറ്റുകൾ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാതെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവപ്പെട്ട സാഹചര്യമാണ്. സർക്കാർ സ്പോൺസേർഡ് സ്ഥാപനവൽകൃത കൊലപാതകമാണിത്. സർക്കാറിൻ്റെ വിദ്യാഭ്യാസ വിവേചന നയത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്‌ദ. നാളിതു വരെയുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് വർഗീയ ചാപ്പ നൽകിയവരും അതിനെ പൈശാചിക വൽക്കരിച്ചവരും ഹാദി റുഷ്‌ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികളാണ്.
ഹാദി റുഷ്ദയുടെ രക്തസാക്ഷിത്വം മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതൽ ജനകീയവും കരുത്തുറ്റതുമാക്കുമെന്നു നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി തഷ്രീഫ്, ആദിൽ അബ്ദുറഹീം, ജില്ല പ്രസിഡൻ്റ് അലി സവാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.