തടവറയില്‍നിന്നു പുതിയ ദൗത്യത്തിലേക്ക്; ഓക്സ്ഫഡ് ചാന്‍സലറാകാന്‍ നീക്കവുമായി ഇംറാന്‍ ഖാന്
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് ഓക്സ്ഫഡ് സര്‍വകലാശാലാ ചാന്‍സലര്‍ പദവിയിലേക്കു മത്സരിക്കാന്‍ നീക്കം നടത്തുന്നു. ലോഡ് പാറ്റേന് രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പദവിയിലേക്കു മത്സരിക്കാന്‍ പാകിസ്താന് തെഹ്രീകെ ഇന്‍സാഫ്(പി.ടി.ഐ) അധ്യക്ഷന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ‘ദി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.Imran Khan
ഈ വര്‍ഷം ആദ്യത്തിലാണ് ഓക്സ്ഫഡ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ലോഡ് പാറ്റേന് രാജിവച്ചത്. നീണ്ട 21 വര്‍ഷത്തോളം പദവിയിലിരുന്ന ശേഷമായിരുന്നു പടിയിറക്കം. സര്‍വകലാശാലയിലെ പ്രധാന ചടങ്ങുകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതുള്‍പ്പെടെയുള്ള ചുമതലകളുള്ള ഔപചാരിക/നാമമാത്രവും ആജീവനാന്ത കാലത്തേക്കുമുള്ള പദവിയാണ് ചാന്സലറിന്റേത്.
സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ഥികളാണു സാധാരണ ചാന്സലറാകാറുള്ളത്. പൊതുരംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണു സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടാറുള്ളത്. പ്രത്യേകിച്ചും രാഷ്ട്രീയപ്രവര്‍ത്തകര്‍. ഇതാദ്യമായി ഓണ്‍ലൈനായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ബോറിസ് ജോണ്സന് എന്നിവരും മത്സരരംഗത്തുണ്ട്.
ഓക്സ്ഫഡില്‍നിന്ന് രാഷ്ട്രീയമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട് ഇംറാന്‍ ഖാന്. 1972ലാണ് അദ്ദേഹം സര്‍വകലാശാലയുടെ കെബ്ലെ കോളജില്‍നിന്നു പഠനം പൂര്‍ത്തിയാക്കുന്നത്. ഓക്സ്ഫഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1971ലാണ് പാക് ദേശീയ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2005 മുതല്‍ 2014 വരെ ബ്രാഡ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ചാന്‍സലറായിട്ടുണ്ട്.
ഇംറാന്‍ ഖാന് മത്സരിക്കാന്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് സയ്യിദ് സുല്‍ഫി ബുഖാരി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനം വരുമെന്നും സുല്‍ഫി ബുഖാരി അറിയിച്ചു.
തോഷഖാന അഴിമതി ഉള്‍പ്പെടെ നാല് കേസുകളില്‍ കുറ്റംചുമത്തപ്പെട്ട് ഒരു വര്‍ഷത്തോളമായി ജയില്‍വാസം അനുഭവിക്കുകയാണ് ഇംറാന്‍ ഖാന്. റാവല്‍പിണ്ടിയിലെ ആദിയാലാബാദ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെ പാക് സുപ്രിംകോടതിയില്‍നിന്ന് ഇംറാന്‍ ആശ്വാസകരമായ വിധി വന്നിരുന്നു.