‘റോബിൻ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശി, കോടതിയില്‍ പൊയ്ക്കൂടെ?’: കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ

Ganesh Kumar MLA on Robin bus issue

റോബിൻ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശിയെന്ന് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ. ഇങ്ങനെ ബഹളംവെക്കുന്നതിന് പകരം അദ്ദേഹത്തിന് നേരിട്ട് കോടതിയിൽ പോകാമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

‘എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്ത വർത്തമാനം പറഞ്ഞ് ബഹളം വെക്കുന്നത്. അദ്ദേഹത്തിന് കോടതിയിൽ പോകാമല്ലോ. കോടതി പറഞ്ഞാൽ അദ്ദേഹത്തിന് ധൈര്യമായി ഓടാമല്ലോ. കോടതി പറഞ്ഞതിന് എതിരെ പറയാൻ ആരെങ്കിലും ധൈര്യപ്പെടുമോ. അത് ചെയ്യട്ടെ. എന്റെ കയ്യിൽ ഒരു നിയമമുണ്ടെന്ന് ഞാൻ പറയുന്നതല്ലാതെ ആ നിയമത്തിനൊരു വ്യക്തതയുണ്ടാകണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുക. നിയമലംഘനമുള്ളതുകൊണ്ടാണല്ലോ തമിഴ്‌നാട്ടിൽ ഈ വണ്ടി പിടച്ചത്. ഇവിടുത്തെ മന്ത്രിയും എം.ഡിയുമല്ലല്ലോ തമിഴ്‌നാട്ടിലുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ തർക്കം തീർക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. സോഷ്യൽ മീഡിയ വഴിയുള്ള അമിത പ്രചാരണമാണ് ഇത്രയും പിന്തുണ കിട്ടാൻ കാരണം. അതിനപ്പുറം വേറൊന്നുമില്ല. ഈ രാജ്യത്ത് ഒരു നിയമമുണ്ട് അതിനാനുസരിച്ച് മാത്രമേ ആരായാലും ഇവിടെ ജീവിക്കാനാകൂ’. ഗണേഷ്‌കുമാർ പറഞ്ഞു. Ganesh Kumar MLA on Robin bus issue

അതേസമയം കേരള സർക്കാരുമായി ആലോചിച്ച ശേഷം പെർമിറ്റ് ലംഘനത്തിനുള്ള പിഴ ഈടാക്കിയെ ബസ് വിട്ട് നൽകൂവെന്ന് എന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു. എന്ത് പ്രതിസന്ധി വന്നാലും സർവീസ് തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു . വിഷയത്തിൽ തമിഴ്നാട് ഹൈക്കോടതിയെ സമീപിക്കാനാണ് ഗിരീഷ് ആലോചിക്കുന്നത്.

കഴിഞ്ഞദിവസമാണ് റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘിച്ചതിൽ ഗാന്ധിപുരം ആർ.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. ലംഘനം എന്താണെന്ന് ആർ.ടി.ഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞിരുന്നു. അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് നേരത്തെ കോയമ്പത്തൂർ ചാവടിയിൽ വച്ച് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് തടഞ്ഞിരുന്നു. ബസ് ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ ഓഫീസിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *