ഗണേശന് ഇനി മുതൽ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ ലഭിക്കും ; സഹായ ഹസ്തങ്ങളുമായി വാർഡ് മെമ്പർ ജിനേഷ് പി.എസ്ഗണേശന് ഇനി മുതൽ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ ലഭിക്കും ; സഹായ ഹസ്തങ്ങളുമായി വാർഡ് മെമ്പർ ജിനേഷ് പി.എസ്

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം വാർഡിലെ ഗണേശന് ഇനി മുതൽ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ ലഭിക്കും. ചെറുപ്പത്തിലെ അച്ഛനും അമ്മയും ജേഷ്ഠനനിയന്മാരും നഷ്ടപ്പെട്ട ഗണേശന് ഒരു പെങ്ങൾ മാത്രമാണുള്ളത് , അവർ വിവാഹം കഴിച്ച് ദൂരസ്ഥലത്തും. താൻ മോഹൻലാൽ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ബുദ്ധി വൈകല്ല്യമുള്ള ഈ യുവാവിനെ നാട്ടിൽ അവനെ അറിയാത്തതായി ആരുംഉണ്ടാവില്ല.
തികച്ചും അനാഥണാണെങ്കിലും അകന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ജീവിച്ചുവന്നിരുന്നത്. രേഖാമൂലം ഇപ്പോൾ ഗണേശന് 38 വയസ്സ് ആയിട്ടുണ്ടെങ്കിലും (അതിന് മുകളിൽ ഉണ്ടാകും), ഇത്രയും വർഷങ്ങൾക്കുള്ളിൽ ഒരു സർക്കാർ സഹായവും ഇതുവരെ ലഭിച്ചിരുന്നില്ല . ഒരു ഭിന്നശേഷി സർട്ടിഫിക്കറ്റ് പോലും ഇത്ര വർഷമായിട്ടും ലഭിക്കാത്ത ഗണേശന് അത് ലഭ്യമാക്കി കൊടുക്കുന്നതിന് ആരും ശ്രമിച്ചില്ല എന്ന് വേണം പറയാൻ. കാണുന്നവരോടെല്ലാം ഗണേശൻ കാശ് ചോദിക്കും അഞ്ചു രൂപയും പത്തു രൂപയുമൊക്കെയായി പലരും കൊടുക്കും.
ചിലർ ചായയും മറ്റും വാങ്ങി കൊടുക്കും. എന്നാൽ ഇനി ഗണേശന് ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വരില്ല. അവന് അർഹതപ്പെട്ട സർക്കാർ സഹായങ്ങൾ ഓടക്കയം വാർഡ് മെമ്പർ ജിനേഷ് പി.എസ് ൻ്റ ഇടപെടലിൽ ലഭ്യമാകാൻ പോകുന്നു. ഗണേശന് ഇപ്പോൾ ഭിന്നശേഷി സർട്ടിഫിക്കറ്റും UDlD കാർഡും ലഭിച്ചു. അവൻ്റെ പേരിൽ കനറാ ബാങ്കിൽ ഒരു ജോയിൻറ് അക്കൗണ്ടും റെഡിയായി. ഇനി ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ അവന് ലഭിച്ചു തുടങ്ങും. കൂടാതെ ഭിന്നശേഷി സ്കോളർഷിപ്പിനുള്ള അപേക്ഷയും സമർപ്പിച്ചു, അതും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇത്രയും കാലം അവനെ നല്ല രീതിയിൽ നോക്കിയ ബന്ധുമിത്രാദികൾക്ക് ഇതൊരു ആശ്വാസമാകും.

ഗണേശന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ആണ് ലഭ്യമായതെന്നും അത് ലഭ്യമാക്കുന്നതിന് നിരവധി ആളുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും ഭിന്നശേഷി സർട്ടിഫിക്കറ്റ് UDlD എന്നിവ ലഭ്യമാക്കുന്നതിന് ജമീല മുള്ളാഞ്ചേരിയുടെ ഇടപെടൽ വലിയ സഹായമായി എന്നും കൂടാതെ വെറ്റിലപ്പാറ കനറാ ബാങ്ക്, ഊർങ്ങാട്ടിരി പഞ്ചായത്ത്, വെറ്റിലപ്പാറ വില്ലേജ് ഓഫീസ് അധികൃതരോടും നന്ദി അറിയിക്കുന്നതായും വാർഡ് മെമ്പർ ജിനേഷ് പി.എസ് പറഞ്ഞു. ചെറുപ്പം മുതലേ ബുദ്ധി വൈകല്യമുള്ള ഗണേശന് ഇത്രകാലമായിട്ടും ഇത്തരം ആനുകൂല്യങ്ങൾ ലഭിച്ചില്ലാ എന്നത് സങ്കടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകല്ല്യം അനുഭവിക്കുന്നവരോട് സഹതപിക്കാതിരിക്കുകയും പകരം മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് അവരെ കൈ പിടിച്ചുയർത്തി താങ്ങും തണലുമായി സ്നേഹവും വാത്സല്യവും പിൻന്തുണയുമായി തോളോട് ചേർത്തുനിർത്തുവാനുള്ള ഓടക്കയം വാർഡ് മെമ്പറുടെ നല്ല മനസ്സിന് നാടിന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും, ഇതു പോലുള്ള സൽപ്രവർത്തികൾ തുടർന്നും ചെയ്യാനാകട്ടെ എന്നും നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *