ശബരിമലയിലെ നെയ്യ് വിൽപന: ഒന്നര മാസത്തിനിടെ 21 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്ന് വിജിലൻസ്



കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ ഒന്നര മാസത്തിനിടെ 21 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈകോടതിയിൽ. 2025 നവംബർ 16 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടന്ന ക്രമക്കേടാണ് അറിയിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം സമയം വജിലൻസ് തേടിയെങ്കിലും 45 ദിവസത്തിനകം പൂർത്തിയാക്കാൻ ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദേശിച്ചു.

നെയ്യ് വിൽപനയുടെ കാര്യത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യുരിറ്റി ഓഫീസറുടെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് സ്വമേധയ എടുത്ത ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി.എച്ച്. മഹേഷ് അടക്കമുള്ള ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കേസിൽ ആകെ 33 പ്രതികളാണുള്ളതെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. 30 പ്രതികളും ശാന്തിക്കാരാണ്. മൂന്ന് പേർ ക്ഷേത്രം സ്പെഷ്യൽ ഓഫീസർമാരും.ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ അക്കൗണ്ടിങ് സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി.ഫെബ്രുവരി 27 ന് വീണ്ടും വിഷയം പരിഗണിക്കാനായി മാറ്റി.