ഗോള്‍മെഷീന്‍ ഗ്യോകറസ്; ഹാളണ്ടിനെക്കാള്‍ അപകടകാരിയെന്ന് ഫുട്ബോള്‍ ലോകം
പെപ് ഗാര്‍ഡിയോളക്ക് അത് വെറുമൊരു ചാമ്പ്യന്‍സ് ലീഗ് മത്സരം മാത്രമായിരുന്നില്ല. ഇംഗ്ലീഷ് മണ്ണില്‍ തിരികൊളുത്തപ്പെടാനിരിക്കുന്നൊരു ടാക്റ്റിക്കല്‍ ബാറ്റിലിന്‍റെ ട്രയല്‍ കൂടിയായിരുന്നു. സ്പോര്‍ടിങ് ലിസ്ബണും സിറ്റിയും കളത്തിലും കണക്കിലും രണ്ടറ്റങ്ങളിലാണ്. ബെഞ്ചിലടക്കം വമ്പന്‍ സ്രാവുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് സിറ്റിക്ക്. ഇടക്കൊന്ന് ഇടറിയതൊഴിച്ചാല്‍ വര്‍ഷങ്ങളോളം ഇംഗ്ലീഷ് ഫുട്ബോളിന്‍റെ കനക സിംഹാസനത്തില്‍ എതിരാളികളില്ലാതെ കുതിക്കുകയാണ് പെപ്.Gyokurus
എന്നാല്‍ സ്പോര്‍ടിങ്ങില്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. അമോറിമിന്റെ സംഘത്തിലേക്ക് നോക്കൂ. ആരാധകർക്ക് സുപരിചിതമല്ലാത്ത കുറേ പേരുകൾ. അമോറിമിന്‍റെ പേര് പോലും പലരും കേട്ട് തുടങ്ങിയത് തന്നെ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച വാര്‍ത്തകള്‍ക്ക് പിറകേയാണ്. സ്പോര്‍ടിങ്ങിനെ അതിന്‍റെ പ്രതാഭകാലത്തിലേക്ക് തിരികെ കൊണ്ടു വന്നതൊഴിച്ചാല്‍ പോര്‍ച്ചുഗീസ് മണ്ണിനപ്പുറത്തേക്ക് അമോറിമിന്‍റെ അതിശയക്കുതിപ്പുകള്‍ നീണ്ടിട്ടില്ല. ലിസ്ബണിലാണ് പോരാട്ടം എന്നത് മാത്രമായിരുന്നു ആ മത്സരത്തില്‍ സ്പോര്‍ടിങ്ങിനുള്ള ഏക മേല്‍കൈ. എന്നാല്‍ എസ്റ്റാഡിയോ ജോസെ അല്‍വാലഡേയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ സ്കോര്‍ തെളിഞ്ഞു. സ്പോര്‍ടിങ് നാല് സിറ്റി ഒന്ന്.
കളിയുടെ നാലാം മിനിറ്റില്‍ ലിസ്ബണെ നിശബ്ദമാക്കി വലകുലുക്കി ഫോഡന്‍ തുടങ്ങി വച്ച ഗോള്‍ സ്കോറിങ്.എന്നാല്‍ ലിസ്ബണെ ആരവങ്ങളിലേക്ക് മടക്കിക്കൊണ്ട് വന്ന് അത് പൂര്‍ത്തിയാക്കിയത് രണ്ട് സ്പോര്‍ട്ടിങ് താരങ്ങള്‍ ചേര്‍ന്നാണ്. മാക്സിമില്ലാനോ അരോഹോ നേടിയ ഒരു ഗോളൊഴിച്ചാല്‍ ബാക്കി മൂന്ന് തവണയും വലയില്‍ പന്തെത്തിച്ചത് ഒരേ ഒരാള്‍. വിക്ടർ എയ്‌നർ ഗ്യോകറസ്. ആ പേരിപ്പോള്‍ യൂറോപ്യന്‍ ഫുട്ബോളിലെ ഹോട്ട് ടോപ്പിക്കുകളില്‍ ഒന്നാണ്. ബാഴ്സലോണ മുതല്‍ ആഴ്സണല്‍ വരെ യൂറോപ്പ്യന്‍ ഫുട്ബോളിലെ വമ്പന്‍ സ്രാവുകള്‍ പലരും ലിസ്ബണ് പുറത്ത് വലവിരിച്ച് ആ 26 കാരനേയും കാത്തിരിപ്പുണ്ട്.
1982 ന് ശേഷം സ്‌പോർട്ടിങ്ങിനായി യൂറോപ്പിലെ വലിയ വേദികളിൽ ഹാട്രിക്ക് കുറിക്കുന്ന ആദ്യ താരമാണ് ഗ്യോകറസ്. ഒപ്പം ചാമ്പ്യൻസ് ലീഗ് വേദിയിൽ 2021 ന് ശേഷം ഇതാദ്യമായാണ് ഒരു താരം പെപ്പിന്റെ വലയിൽ മൂന്ന് തവണ പന്തെത്തിക്കുന്നത്. രണ്ട് സീസണുകളിലായി സ്പോര്‍ടിങ് ജേഴ്സിയില്‍ നടത്തുന്ന നിറഞ്ഞാട്ടങ്ങളാണ് യൂറോപ്പിലെ വമ്പന്‍ ശക്തികളുടെ റഡാറില്‍ ഗ്യോകറസിനെ കൊണ്ടെത്തിച്ചത്. ഇതുവരെ 67 മത്സരങ്ങളില്‍ നിന്നായി 66 ഗോളുകളാണ് സ്പോര്‍ട്ടിങ്ങിനായി ഗ്യോകറസ് അടിച്ച് കൂട്ടിയത്.
ഈ സീസണിൽ മാത്രം മുഴുവൻ കോംപറ്റീഷനുകളിൽ നിന്നുമായി 23 ഗോളുകൾ സ്‌കോർ ചെയ്ത് കഴിഞ്ഞു. ലീഗില്‍ മാത്രം 11 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍. രണ്ടാം സ്ഥാനത്തുള്ള പോര്‍ട്ടോയുടെ ഗലേനോയുമായി എട്ട് ഗോളിന്‍റെ വ്യത്യാസം. രണ്ടാഴ്ചക്കിടെ നേടിയത് രണ്ട് ഹാട്രിക്കുകൾ. 1.6 ആണ് ലീഗില്‍ താരത്തിന്‍റെ ഗോള്‍ പെര്‍ ഗെയിം റേഷ്യോ. രാജ്യത്തിനും ക്ലബ്ബിനുമായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 ഗോളും മൂന്ന് അസിസ്റ്റും തന്‍റെ പേരില്‍ കുറിച്ച് കഴിഞ്ഞു ഗ്യോകറസ്. കഴിഞ്ഞ സീസണിൽ പോർച്ചുഗീസ് ലീഗിൽ കിരീടം ചൂടിയ സ്‌പോർട്ടിങ്ങിന്റെ വിസ്മയക്കുതിപ്പുകളുടെ ബാറ്റൺ ഗ്യോകറസിന്റെ കയ്യിലാണ് അമോറിം ഏൽപ്പിച്ചത്. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. ഈ സീസണിൽ 11 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ പതിനൊന്നും ജയിച്ച സ്‌പോർട്ടിങ് ആ 26 കാരന്‍റെ ചിറകിലേറി തന്നെ തങ്ങളുടെ കുതിപ്പ് തുടരുന്നു.
അതിശയിപ്പിക്കുന്ന വേഗം, എതിരാളികളെ നിഷ്പ്രഭമാക്കാന്‍ പോന്ന ശാരീരിക ക്ഷമത, ഏത് പൊസിഷനില്‍ നിന്നും വലയില്‍ പന്തെത്തിക്കാനുള്ള മികവ്. ഗ്യോകറസിനെ മൈതാനത്ത് അജയ്യനാക്കുന്ന കാരണങ്ങള്‍ ഒരുപാടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നേടിയ ആദ്യ ഗോളൊന്ന് മതി അയാളിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍. സിറ്റിയുടെ ഹൈലൈൻ പൊളിച്ച് അകാഞ്ചിയേയും സിംസണേയും ഒറ്റക്കുതിപ്പിൽ മറികടന്നാണ് എഡേഴ്‌സണെ കാഴ്ച്ചക്കാരനാക്കി അയാൾ വലകുലുക്കിയത്. എതിര്‍ ഡിഫന്‍റര്‍മാരെ തന്‍റെ പവറും ആക്സിലറേഷനും കൊണ്ടയാള്‍ നിഷ്പ്രഭമാക്കുന്ന കാഴ്ചകള്‍ ഇതിനും മുമ്പും മൈതാനങ്ങള്‍ പലവുരു കണ്ടിട്ടുണ്ട്.
സ്വീഡിഷ് മണ്ണിൽ തന്റെ കളിക്കാലങ്ങൾ ആരംഭിച്ച ഗ്യോകറസിന്റെ ഫുട്‌ബോൾ ഐക്കൺ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്. 2018 ൽ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണൊപ്പം ചേർന്ന ഗ്യോകറസിന് ഇംഗ്ലീഷ് മണ്ണിൽ തുടക്കത്തിൽ അത്ര നല്ല കാലങ്ങളായിരുന്നില്ല. പിന്നീട് ലോണിൽ സ്വാൻസി സിറ്റിയിലേക്കും കൊവെന്റ്രി സിറ്റിയിലേക്കുമായുള്ള ചുവടുമാറ്റങ്ങൾ. കൊവെന്റ്രിക്കൊപ്പമാണ് ഗ്യോകറസിന്റെ പ്രതിഭയെ ആദ്യമായി ഫുട്‌ബോൾ ലോകം കണ്ടത്. 2021ൽ കൊവെന്ട്രി താരത്തെ സൈൻ ചെയ്തു. പിന്നെ രണ്ട് സീസണുകളിലായി 91 മത്സരങ്ങളിൽ നിന്ന് 38 ഗോളുകള്‍.
2023 ജൂലൈ 13. പോര്‍ച്ചുഗീസ് മണ്ണിലേക്കുള്ള ഗ്യോകറസിന്‍റെ കൂടുമാറ്റം അക്ഷരാര്‍ത്ഥത്തില്‍ ഒരു യുഗപ്പിറവിയായിരുന്നു. 20 മില്യണ്‍ യൂറോക്കാണ് സ്പോര്‍ട്ടിങ്ങ് സ്വീഡിഷ് താരത്തെ ലിസ്ബണിലെത്തിച്ചത്. ക്ലബ്ബ് അതിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കളിക്കാരനായി 20 മില്യണിലധികം യൂറോ മുടക്കുന്നത്. ഈ തീരുമാനത്തില്‍ മുഖം ചുളിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഒറ്റ സീസൺ കൊണ്ടയാള്‍ വിമര്‍ശകരുടെ മുഴുവന്‍ വായടപ്പിച്ചു. കഴിഞ്ഞ മെയില്‍ സ്പോര്‍ടിങ് തങ്ങളുടെ ഇരുപതാം ലീഗ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ ടോപ് സ്കോറര്‍ ഗ്യോകറസായിരുന്നു. ഒപ്പം സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വീഡിഷ് താരത്തെ തേടിയെത്തി. മാറ്റ്സ് മാഗ്സണ് ശേഷം പോര്‍ച്ചുഗീസ് ലീഗില്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടുന്ന രണ്ടാമത്തെ സ്വീഡിഷ് താരമായി ഗ്യോകറസ്.
ഗ്യോകറസിന്‍റെ ഗോളുകള്‍ പോലെ തന്നെ ഗോളാഘോഷങ്ങളും ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണിപ്പോള്‍. വലകുലുക്കിയ ശേഷം ഇരു കൈകളും കോര്‍ത്ത് മുഖം മറച്ചയാള്‍ ഗ്യാലറിക്ക് മുന്നിലേക്കോടിയടുക്കുന്നു. ഇതിന് പിന്നിലെ രഹസ്യം ആരാധകര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. 2023 ൽ ഗ്യോകറസിന്റെ സഹതാരമായ ജോഷ് ഏക്കെൽസാണ് ഈ ഗോളാഘോഷങ്ങൾക്ക് പിന്നിലെന്താണെന്ന് ആദ്യമായി ഗസ് ചെയ്തത്. ഹാനിബൽ ലെക്റ്ററാണ് ഗ്യോകറസിന്‍റെ ആഘോഷത്തിന്‍റെ റഫറന്‍സെന്നും ഹാനിബല്‍ മനുഷ്യരെ കൊല്ലുമ്പോള്‍ ഗ്യോകറസ് ഡിഫന്‍സിനെ കൊല്ലുന്നു എന്നാണിത് കൊണ്ട് അര്‍ഥമാക്കുന്നത് എന്നുമായിരുന്നു ഏക്കല്‍സിന്‍റെ അഭിപ്രായം. എന്നാല്‍ തന്‍റെ ഗോളോഘോഷം നിഗൂഢമായൊരു രഹസ്യമാണെന്നും സമയമാവുമ്പോള്‍ അത് വെളിപ്പെടുത്തുമെന്നുമാണ് ഗ്യോകറസ് ഇപ്പോഴും പറയുന്നത്.
സ്പാനിഷ് അതികായരായ ബാഴ്സലോണക്കൊപ്പം ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സണല്‍ തുടങ്ങിയ ക്ലബ്ബുകളാണ് ഗ്യോകറസിനു വേണ്ടി നിലവില്‍ ശക്തമായി രംഗത്തുള്ളത്. വരും സീസണുകളില്‍ റോബര്‍ട്ട് ലെവന്‍റോവ്സ്കിക്ക് പകരക്കാരനെ അന്വേഷിക്കുന്ന കറ്റാലന്മാര്‍ക്ക് ഗ്യോകറസ് ഒരു പെര്‍ഫക്ട് റീപ്ലേസ്മെന്‍റാവും എന്നാണ് കരുതപ്പെടുന്നത്. ഓള്‍ഡ് ട്രാഫോഡിലെത്തുന്നതോടെ തന്‍റെ പഴയ പടക്കുതിരയെ എന്ത് വിലകൊടുത്തും തട്ടകത്തിലെത്തിക്കാന്‍ റൂബന്‍ അമോറിമും ശ്രമം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ആഴ്സണലും ഒരു മികച്ച സ്ട്രൈക്കറെ അന്വേഷിക്കുന്നുണ്ട്. ഗണ്ണേഴ്സിന്‍റെ റഡാറില്‍ നേരത്തെ തന്നെ ഗ്യോകറസിന്‍റെ പേരുണ്ട്. അതിവിദൂര ഭാവിയില്‍ തന്നെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ ഏതെങ്കിലുമൊന്ന് ഈ സ്വീഡിഷ് യങ് സെന്‍സേഷനെ റാഞ്ചും എന്നുറപ്പാണ്. എന്നാല്‍ അത് ഈ ജനുവരിയില്‍ തന്നെ സാധ്യമാവുമോ എന്നാണ് കണ്ടറിയേണ്ടത്..