ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത പ്രിയ സംവിധായകന് വിട; ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദിൽ ഖബറടക്കി
കൊച്ചി: സിനിമയിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത പ്രിയ സംവിധായകന് വിട നൽകി കേരളം. ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദിൽ ഖബറടക്കി. വീട്ടിലും കലൂരിലെ പൊതുദർശനത്തിലും നിരവധി പേരാണ് ഷാഫിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.Shafi’
ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് മൃതദേഹം കറുകപ്പള്ളി മുസ്ലിം ജുമാ മസ്ജിദിലേക്ക് എത്തിച്ചത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി രണ്ടേ മുക്കാലോടെ മൃതദ്ദേഹം കബറടക്കി. ഇന്നലെ രാത്രി 12:30 യോടെയാണ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷാഫിയുടെ മരണം സംഭവിക്കുന്നത്. പുലർച്ചെ നാലരയോടെ മൃതദേഹം എളമക്കരയിലെ വീട്ടിലെത്തിച്ചു. തുടർന്ന് 9 മണിയോടെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനം. വീട്ടിലും പൊതുദർശനം നടക്കുന്നിടത്തുമായി സിനിമ – രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ സംവിധായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നടൻ മമ്മൂട്ടി, പൃഥ്വിരാജ്,ദിലീപ് കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി രാജീവ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
എല്ലാവരോടും ഏറെ ആത്മബന്ധം സൂക്ഷിച്ച ഷാഫിയുടെ വിടവാങ്ങൽ വലിയ വേദനയുണ്ടാക്കുന്നതാണെന്ന് പ്രമുഖർ പ്രതികരിച്ചു.