മതപഠനസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും സർക്കാർ അനുമതി വേണമെന്ന് ഹൈകോടതി; തൃശൂർ വടക്കേകാട് മഅ്ദിൻ സ്കൂൾ പൂട്ടാൻ നിർദേശം
കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന സർക്കാർ അനുമതിയോടെ മാത്രമേ സ്കൂളുകൾക്ക് പ്രവർത്തിക്കാനാവൂവെന്ന് ഹൈകോടതി. നിയമത്തിലെ 18–ാം വകുപ്പ് പ്രകാരം മത പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും സർക്കാർ അനുമതിയോടെയല്ലാതെ പ്രവർത്തിക്കാനാവില്ല. തൃശൂർ പുന്നയൂർ വടക്കേകാട് പ്രവർത്തിക്കുന്ന മഅ്ദിൻ നോളജ് ഗാർഡൻ പബ്ലിക് സ്കൂളിന്റെ പ്രവർത്തനം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്.
സർക്കാർ അംഗീകാരമില്ലാത്തതിനാൽ സ്കൂൾ അടച്ചുപൂട്ടാൻ കോടതി നിർദേശിച്ചു. അതേസമയം, വിദ്യാർഥികൾക്ക് ബദൽ ക്രമീകരണമൊരുക്കാൻ സമയം വേണ്ടതിനാൽ ഈ അക്കാദമിക് വർഷം പ്രവർത്തനം തുടരാൻ അനുമതിയും നൽകി.അംഗീകാരമില്ലാതെ 300 ഓളം കുട്ടികളുള്ള പ്രീ സ്കൂൾ പ്രവർത്തിക്കുന്നുവെന്നും ഇസ്ലാമിക വിഷയങ്ങൾ പഠിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളായ മൊയ്തീൻകുട്ടി, ബാപ്പു എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സ്കൂളുകളിൽ അനുമതിയില്ലാതെ മതപഠനം പാടില്ലെന്ന് ‘ഹിദായ എജ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്’ കേസിൽ ഉത്തരവുള്ളതായും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സ്ഥാപനം പൂട്ടാൻ ചാവക്കാട് എ.ഇ.ഒ നിർദേശിച്ചതിനെതിരെ സ്കൂൾ മാനേജർ നൽകിയ ഹരജി കോടതി തള്ളി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് അക്രഡിറ്റേഷൻ ഉള്ളതിനാൽ സ്കൂൾ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്നായിരുന്നു വാദം.
