മലയാളം ഇനി ഭരണഭാഷ; ബില്ലിൽ ഒപ്പുവെച്ച് ഗവർണർ
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മലയാളം ഔദ്യോഗിക ഭാഷ. ഔദ്യോഗികഭാഷ മലയാളമാക്കാൻ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലെക്കർ ഒപ്പിട്ടതോടെയാണ് നിയമമാകുന്നത്. 1969ലെ കേരള ഔദ്യോഗിക ഭാഷകള് ആക്ട് പ്രകാരം സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരമായാണ് സമഗ്ര മലയാളഭാഷ നിയമം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് മലയാളം ഭാഷ ബിൽ 2025 ഒക്ടോബർ ഒമ്പതിന് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്.
മലയാളത്തിൽ ഏകീകൃത ലിപി വിന്യാസം കൊണ്ടുവരാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ജില്ല കോടതിവരെയുള്ളവയിലെ ഭാഷ ഹൈകോടതി അനുമതിയോടെ ഘട്ടംഘട്ടമായി മലയാളത്തിലാക്കും. സർക്കാർ ഉത്തരവുകൾ മലയാളത്തിലായിരിക്കണം. പാർലമെന്റോ നിയമസഭയോ പാസാക്കിയ നിയമപ്രകാരം സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും ചട്ടങ്ങളിലും റഗുലേഷനുകളിലും ഉപയോഗിക്കേണ്ട ഭാഷ മലയാളമാക്കുമ്പോഴും അവയുടെ ഇംഗ്ലീഷ് പരിഭാഷ കൂടി പ്രസിദ്ധീകരിക്കണം. നിലവിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പിനെ മലയാളഭാഷ വികസന വകുപ്പ് എന്ന് പുനർനാമകരണം ചെയ്യും.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് മലയാള ഭാഷ വികസന ഡയറക്ടറേറ്റ് രൂപവത്കരിക്കും. സർക്കാർ, അർധസർക്കാർ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളുടെ ബോർഡുകൾ മലയാളത്തിലായിരിക്കണം. ആവശ്യമെങ്കിൽ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ നിർണയിക്കപ്പെടുന്നവിധം പ്രദർശിപ്പിക്കാവുന്നതാണ്.
സർക്കാറിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, ആശുപത്രികൾ, ലബോറട്ടറികൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയുടെ ബോർഡുകൾ ആദ്യപകുതി മലയാളത്തിലും രണ്ടാം പകുതി ഇംഗ്ലീഷിലുമായിരിക്കണം. നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാർ ചട്ടങ്ങൾ രൂപവത്കരിക്കും. നിയമത്തിലെ ഓരോ വ്യവസ്ഥകളുടെയും വിശദാംശങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തും. മുൻകാല പ്രാബല്യത്തോടെയോ പിൻകാല പ്രാബല്യത്തോടെയോ സർക്കാറിന് ചട്ടങ്ങളുണ്ടാക്കാമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ മലയാളം നിർബന്ധ ഒന്നാംഭാഷ
സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഇനി മലയാളം നിർബന്ധിത ഒന്നാംഭാഷയായിരിക്കും. എല്ലാ സ്കൂളുകളിലും മലയാള ഭാഷാ വ്യാപനം പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കും. മലയാളമല്ലാത്ത മറ്റേതെങ്കിലും മാതൃഭാഷയുള്ളവർക്ക് അതിനുപുറമെ മലയാളംകൂടി പഠിക്കാൻ അവസരം നൽകും.
