മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി അബ്‌ദുറഹിമാനെതിരെ അന്വേഷണത്തിന് അനുമതി നൽകി ഗവർണർ

കോഴിക്കോട്: അർജന്റീന ഫുട്ബാൾ ടീമിനെയും സൂപ്പർതാരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് അനുമതി നൽകി ഗവർണർ. അബ്ദുറഹിമാനെ പ്രതിചേർക്കാനുള്ള അനുമതി തേടിയ ഫയൽ ആഴ്ചകളായി ലോക്ഭവനിൽ തീരുമാനമാകാതെ കിടക്കുകയായിരുന്നു. മുൻ ഗവർണർ പോകുന്ന സമയമായതിനാൽ ഫയലിൽ തീരുമാനം ആവാതെ നീളുകയായിരുന്നു, അന്വേഷണനടപടികൾ വൈകുന്നതിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഗവർണറുടെ തീരുമാനം. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടാണ് തുടർനടപടികൾക്ക് ആധാരം.

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന് സ്പോൺസറായി എത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ അബ്ദുറഹിമാൻ മന്ത്രിപദവി ദുരുപയോഗം ചെയ്തെന്നാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ. സർക്കാർ സംവിധാനങ്ങളും ഔദ്യോഗിക രേഖകളും സ്വകാര്യ കമ്പനിയുടെ താൽപര്യങ്ങൾക്കായി ഉപയോഗിച്ചെന്നും ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

നവംബർ അഞ്ചിന് സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നടപടിയെടുക്കുന്നത് വൈകുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. മന്ത്രിയായിരിക്കെ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളായതിനാൽ അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഗവർണറുടെ അനുമതി ആവശ്യമാണെന്നായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം.

അബ്ദുറഹിമാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി), കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് എസ്.ഐ.ടി ശുപാർശ.

അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ മറവിൽ നടത്തിയ ക്രമക്കേടുകളിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്തെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.