കളിനിർത്തി ഒച്ചോവ; വിരമിക്കുന്നത് ആറ് ലോകകപ്പുകൾ കളിച്ച മെക്സിക്കൻ ഗോളി

മെക്സികോ സിറ്റി: കരിമ്പുലിയുടെ ജാഗ്രതയോടെ വലകാത്ത മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യത്തിന് ക്ലബുകൾക്കും ഇനി കളിക്കില്ലെന്ന് 41കാരനായ ഒച്ചോവ പറഞ്ഞു. 2026 ലോകകപ്പ് തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് നേരത്തേ താരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ക്ലബ് ഫുട്ബാളിൽ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ പ്രഖ്യാപനം. ഫുട്ബാളിനായി എല്ലാം നൽകിയെന്നും വിരമിക്കുകയാണെന്നും ഒച്ചോവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ‘ഒരു സ്വപ്നം എന്നെ ഇത്രത്തോളം മുന്നോട്ടുകൊണ്ടുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അഭിമാനത്തോടെ തിരിഞ്ഞുനോക്കാനും നന്ദി പറയാനും മാത്രമേ കഴിയൂ’’ -അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് ലോകകപ്പുകളിൽ മെക്സികോ ടീമിലുണ്ടായിരുന്നു ഈ താരം. 2014, 2018, 2022 ലോകകപ്പുകളിൽ മെക്സികോയുടെ ഒന്നാം ഗോൾകീപ്പറായിരുന്നു.
2004 ഫെബ്രുവരിയിൽ ക്ലബ് അമേരിക്കയിലൂടെയാണ് ഒച്ചോവ അരങ്ങേറ്റം കുറിച്ചത്. 2011ൽ ഫ്രഞ്ച് ക്ലബ് അജാസിയോയിലേക്ക് മാറി. ഇതോടെ യൂറോപ്പിൽ കളിക്കുന്ന ആദ്യ മെക്സിക്കൻ ഗോൾകീപ്പറായി. 2019 മുതൽ 2022 വരെ തിരിച്ചുവന്നു. ഇതിനിടെ മലാഗ, ഗ്രാനഡ, സ്റ്റാൻഡേർഡ് ലീജ്, സലെർനിറ്റാന, എ.വി.എസ് ഫുട്ബാൾ, എ.ഇ.എൽ ലിമാസോൾ തുടങ്ങിയ യൂറോപ്യൻ ടീമുകൾക്കായി ഗ്ലൗസണിഞ്ഞു.
മെക്സികോ സഹ ആതിഥേയരായ ഇത്തവണത്തെ ലോകകപ്പിൽ റൗൾ റഞ്ചലായിരുന്നു മെക്സികോയുടെ ഒന്നാം ഗോളി. ഗ്രൂപ് മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെതിരെ അവസാന 13 മിനിറ്റ് മാനേജർ ജാവിയർ അഗ്യുറെ ഒച്ചോവയെ കളത്തിലിറക്കിയിരുന്നു. ഫൈനൽ വിസിലിനുശേഷം, വികാരഭരിതനായ ഒച്ചോവ തന്റെ കരിയർ ആരംഭിച്ച വേദിയായ എസ്റ്റാഡിയോ ആസ്ടെക്കയിൽ ഗോൾപോസ്റ്റുകളിൽ ചുംബിച്ചു. തുടർന്ന് സഹതാരങ്ങളുടെ ആലിംഗനം സ്വീകരിക്കാൻ മുട്ടുകുത്തിയത് വികാരഭരിതമായ രംഗങ്ങളാണ് സൃഷ്ടിച്ചത്. മെക്സികോ ആറുതവണ കോൺകകാഫ് കിരീടം നേടിയപ്പോൾ ഒച്ചോവ ടീമിലുണ്ടായിരുന്നു.
