ട്രംപിന് മറുപടിയുമായി ഹമാസ്; ‘വെടിനിർത്തൽ മാത്രമാണ് ബന്ദികളെ മോചിപ്പിക്കാനുള്ള മാർഗം’
കെയ്റോ: വെടിനിർത്തൽ കരാർ മാത്രമാണ് ഗസ്സയിലുള്ള ഇസ്രായേലി ബന്ദികളെ തിരികെയെത്തിക്കാനുള്ള മാർഗമെന്ന് ഹമാസ് നേതാവ് സമി അബു സുഹ്‌രി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ശനിയാഴ്ചക്കകം ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു സമി അബു സുഹ്‌രി.Hamas
‘ഇരുകക്ഷികളും മാനിക്കേണ്ട ഉടമ്പടിയുണ്ടെന്ന് ട്രംപ് ഓർക്കണം. ഇസ്രായേലി ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള ഒരേയൊരു മാർഗ്ഗമാണത്. ഭീഷണികളുടെ ഭാഷയ്ക്ക് ഒരു മൂല്യവുമില്ല, മാത്രമല്ല കാര്യങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു’ -അബു സുഹ്‌രി വ്യക്തമാക്കി.
വെടിനിർത്തൽ കരാർ പ്രകാരം ജനുവരി 19 മുതൽ ഹമാസ് ഏതാനും ബന്ദികളെ വിട്ടയച്ചിരുന്നു. എന്നാൽ, ഇസ്രായേൽ നിബന്ധനകൾ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബന്ദിമോചനം നിർത്തിവെക്കുകയാണെന്ന് ഹമാസ് തിങ്കളാഴ്ച അറിയിക്കുകയുണ്ടായി.
അതേസമയം, ബന്ദികളാക്കിയ എല്ലാവരെയും തിരികെ കൊണ്ടുവരാൻ ഇസ്രായേൽ ദൃഢനിശ്ചയം ചെയ്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഞങ്ങളുടെ എല്ലാ ബന്ദികളേയും തിരികെ കൊണ്ടുവരുന്നത് വരെ ഞങ്ങൾ ദൃഢനിശ്ചയവും നിർദയവുമായ നടപടിയെടുക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ആക്രമണം പുനരാരംഭിക്കുന്നത് എന്ത് വിലകൊടുത്തും ഒഴിവാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച ‘എക്‌സി’ൽ ആവശ്യപ്പെട്ടു. അത് വലിയ ദുരന്തത്തിലേക്കാണ് നയിക്കുക. ബന്ദികളെ ആസൂത്രിതമായി മോചിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകാൻ ഞാൻ ഹമാസിനോട് അഭ്യർഥിക്കുന്നു. വെടിനിർത്തൽ കരാറിലെ തങ്ങളുടെ പ്രതിബദ്ധതകൾ ഇരുപക്ഷവും പൂർണമായും പാലിക്കുകയും ഗൗരവമായ ചർച്ചകൾ പുനരാരംഭിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.