പീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
എറണാകുളം: ലൈംഗിക പീഡനപരാതിയിൽ നടൻ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.Bail
ആലുവ സ്വദേശിയായ നടിയായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. താരസംഘടനയായ അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു.
അടച്ചിട്ട മുറികളിലായിരുന്നു വാദങ്ങളെല്ലാം നടന്നത്. അതിനാൽ ഉത്തരവ് വന്നാൽ മാത്രമായിരിക്കും വാദങ്ങളിൽ വ്യക്തത വരുക. 2009ൽ നടന്ന സംഭവം ഈ അടുത്ത ദിവസങ്ങളിലാണ് പരാതിയായി ഉയർന്നത്. പരാതിക്കാരി തന്നെ പലതവണ ബ്ലാക്ക്മെയിൽ ചെയ്തതെന്നാരോപിച്ച് മുകേഷും രംഗത്തെത്തിയിരുന്നു. ഇതിന് തെളിവുണ്ടെന്നും മുകേഷ് പറഞ്ഞിരുന്നു.
നേരത്തെ, സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കിയിരുന്നു. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. പീഡനക്കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.