വിദ്വേഷ പരാമർശം: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് അമിത് ഷായെയും ഹിമന്ത ബിശ്വ ശർമയേയും വിലക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയേയും വിലക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഛത്തീസ്ഗഢിലെ ബി.ജെ.പി റാലിക്കിടെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ഷാക്ക് വിലക്കേർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്. ബാഗേലിന്റെ പ്രീണന രാഷ്ട്രീയമാണ് ഭുവനേഷ്‌കർ സാഹുവിനെ കൊലപ്പെടുത്തിയതെന്ന ഷായുടെ പ്രസ്താവനയെ പരാമർശിച്ചുകൊണ്ടായിരുന്നുന കോൺഗ്രസ് ആവശ്യമുന്നയിച്ചത്.

കോൺഗ്രസിനേക്കാൾ കൂടുതൽ വോട്ട് ഉറപ്പാക്കാൻ പാർട്ടി ബൂത്ത് മേധാവികൾക്ക് പണം വാഗ്ദാനം ചെയ്തതിന് മധ്യപ്രദേശ് മന്ത്രി ഗോവിന്ദ് സിങ് രാജ്പുതിനെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നവംബർ 3 ന് നാമനിർദ്ദേശ നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി കർഷകർക്ക് പണം വിതരണം ചെയ്യാൻ തെലങ്കാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2018ൽ സമാന ആവശ്യം തെലങ്കാന ഭാരതീയ രാഷ്ട്ര സമിതി മുന്നോട്ടുവെച്ചിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാഗ്ദാനത്തിൽ മാറ്റമുണ്ടായെന്നും കോൺഗ്രസ് ആരോപിച്ചു. ഈ സ്ഥിതി തുടരാൻ അനുവദിക്കരുത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളെ കബളിപ്പിക്കുന്നത് തടയണമെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും കോൺഗ്രസ് ആരോപിച്ചു.

മുതിർന്ന നേതാക്കളായ ജയറാം രമേശിന്റെയും സൽമാൻ ഖുർഷിദിന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമീഷന് മുൻപിലെത്തി ആവശ്യങ്ങൾ അറിയിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ മണിക്‌റാവു താക്കറെ, രേവന്ത് റെഡ്ഡി, ഉത്തം കുമാർ റെഡ്ഡി, ഭട്ടി വിക്രമാർക എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *