‘മുസ്ലിം ആണെന്ന് തെറ്റിധരിച്ച് ഒരു ബ്രാഹ്മണനെ കൊന്നു, മാപ്പാക്കണം,’ ആര്യന്‍ മിശ്രയുടെ അച്ഛനോട് ഗോരക്ഷകന്‍

'He killed a Brahmin mistaking him for a Muslim, apologize,' says cowherd to Aryan Mishra's father

പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയതില്‍ കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ച് ഗോരക്ഷാസേനയിലെ അംഗം. ഒരു മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നും കൊന്നത് ബ്രാഹ്മണനെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഖേദം തോന്നിയെന്നും പ്രതി തന്റെ കാലില്‍ വീണ് പറഞ്ഞെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സിയാനന്ദ് മിശ്ര ദി പ്രിന്റിനോട് പറഞ്ഞു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനും ഹരിയാനയിലെ ഗോരക്ഷാ സേനയിലെ അംഗവുമായ അനില്‍ കൗശിക്കാണ് തന്നോട് ഓഗസ്റ്റ് 27ന് മാപ്പുചോദിച്ചതെന്ന് സിയാനന്ദ് പറഞ്ഞു. 12-ാം ക്ലാസുകാരനായ ആര്യന്‍ മിശ്രയെ വെടിവച്ച് കൊലപ്പെടുത്തിയതിന് കൗശിക് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം 24നാണ് കൗശികും സംഘവും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുകയായിരുന്ന ആര്യനുനേരെ വെടിയുതിര്‍ത്തത്. പശുക്കടത്തുകാര്‍ കാറില്‍ രക്ഷപ്പെടുന്നു എന്ന വിവരം കേട്ട് തെറ്റിദ്ധരിച്ചാണ് ഇവര്‍ ആര്യനെ കൊലപ്പെടുത്തിയത്. മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് മകനെ കൊന്നതെന്ന് കൂടി കേട്ടതോടെ ശക്തമായ എതിര്‍പ്പുമായി സിയാനന്ദ് മിശ്ര രംഗത്തെത്തി. നിങ്ങള്‍ എന്തിനാണ് ഒരു മുസ്ലീമിനെ കൊലപ്പെടുത്തുന്നത്? ശരിക്കും പശുവിന്റെ പേരില്‍ മാത്രമാണോ എന്ന് അപ്പോള്‍ തന്നെ താന്‍ കൗശികിനോട് ചോദിച്ചതായി സിയാനന്ദ് മിശ്ര പറഞ്ഞു. ഗോരക്ഷകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ നിയമം കൈയിലെടുക്കുന്നതിലെ കനത്ത അമര്‍ഷവും വേദനയും സിയാനന്ദ് ദി പ്രിന്റിലൂടെ പങ്കുവച്ചു. അഥവാ പശുക്കടത്തെന്ന് തോന്നിയാല്‍ തന്നെ കാറിന്റെ ടയറിലേക്ക് വെടിവയ്ക്കുകയോ പൊലീസിനെ വിളിക്കുകയോ ചെയ്യുമായിരുന്നല്ലോ എന്തിനാണ് ഒരാളെ കൊല്ലുന്നതെന്നും വേദനയോടെ ആ പിതാവ് ചോദിച്ചു. പശുക്കളുടെ പേരില്‍ നടക്കുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ആര്യനെ കൊലപ്പെടുത്തിയ സംഭവം ബജ്‌റംഗ് ദളിനുള്ളിലും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. പശുക്കടത്ത് ആരോപിച്ച് നമ്മള്‍ നമ്മുടെ സഹോദരനെ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ബജ്‌റംഗ്ദള്‍ നേതാക്കള്‍ പ്രതികരിച്ചു. ആര്യന്റെ കാര്‍ ഡല്‍ഹി- ആഗ്ര ദേശീയ പാതയിലൂടെ പോകുമ്പോള്‍ 30 കിലോമീറ്ററുകളോളം കാറിനെ പിന്തുടര്‍ന്നാണ് ഗോരക്ഷാ സംഘം വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. അക്രമികള്‍ ലൈസന്‍സ് ഇല്ലാത്ത തോക്കാണ് ഉപയോഗിച്ചിരുന്നത്.

പശുക്കടത്തുകാര്‍ ഡസ്റ്റര്‍ കാറില്‍ സിറ്റി വിടുന്നുവെന്ന് ആരോ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോരക്ഷാ സംഘം കാര്‍ പിന്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വെടിവച്ചുകൊലപ്പെടുത്തിയത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആര്യന്‍ കാറില്‍ സഞ്ചരിച്ചിരുന്നത്. കാര്‍ ചേസ് ചെയ്ത ശേഷം വാഹനം നിര്‍ത്താനാവശ്യപ്പെട്ട അക്രമി സംഘം കാര്‍ നിര്‍ത്തുന്നില്ലെന്ന് കണ്ടപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആര്യന്റെ കഴുത്തിനാണ് വെടിയേറ്റത്. ആര്യനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇതേ ആഴ്ച തന്നെ ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ ഗോരക്ഷക സംഘം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഗ്രാമീണര്‍ക്ക് പശുക്കളോട് വല്ലാത്ത ആരാധനയാണെന്നും അവരെ ആര്‍ക്ക് തടയാനാകുമെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞത് ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *