ഹൃദയാഘാതം: മലയാളി യുവാവ് റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. കേളി കലാസാംസ്‌കാരിക വേദി മലാസ് യൂണിറ്റ് അംഗം മലപ്പുറം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദ് (35) ആണ് റിയാദിൽ നിര്യാതനായത്. പുതുപൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ് – സക്കീന ദമ്പതികളുടെ മകനാണ്.Heart attack
13 വർഷമായി റിയാദിലെ മലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് സുമേഷി കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയക്കായി മലാസിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം മുൻപ് ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം.
ഭാര്യ മുഹ്‌സിന. മഹിർ, മെഹറ, മലീഹ എന്നിവർ മക്കളാണ്. സഹോദരങ്ങളായ സുഹൈൽ, സനാഹുല്ലാഹ്, സുഫിയാൻ എന്നിവർ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാർഥി സാഹിൽ, സാറ, സൽമ, സാലിമ, സൽവ, സിദ്ര എന്നിവർ മറ്റ് സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.