സൗദിയിൽ ചൂട് ശക്തമാകുന്നു;കടുത്ത പൊടിക്കാറ്റിനും സാധ്യത
ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ചൂട് ശക്തമായി തുടരുന്നു. വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമാവുന്നതിനാൽ യാത്രക്കാർക്കും ജാഗ്രത നിർദ്ദേശമുണ്ട്. കിഴക്കൻ പ്രവിശ്യയിലും റിയാദിലുമുൾപ്പെടെ ചൂട് ഇനിയും വർധിക്കും.Heat
കഴിഞ്ഞ ദിവസങ്ങളിൽ ദമ്മാമിൽ 48 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിരുന്നു. താപനില ഉയർന്ന നിലയിലാണ് ഇത്തവണ വേനൽക്കാലം ആരംഭിച്ചത്. വരും ദിവസങ്ങളിലും കിഴക്കൻ പ്രവിശ്യകളിലും, റിയാദ്, നജ്രാൻ, മക്ക, മദീന എന്നീ പ്രദേശങ്ങളിലും കടുത്ത ചൂട് തുടരും. ജീസാനിൽ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ദൂരക്കാഴ്ച മങ്ങുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം. ചെങ്കടലിന്റെ തീരപ്രദേശങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. കടുത്ത വേനലിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 4 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. വൃദ്ധർക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഒരുക്കുക്കണം. രാജ്യത്തെ സ്കൂളുകൾ വേനലവധിയിലേക്ക് നിലവിൽ പ്രവേശിച്ചിട്ടുണ്ട്.