കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട് പൊലീസ് പിടിയിൽ
ചെന്നൈ: നിരവധി കൊലപാതക കേസുകളിൽ ഉൾപ്പടെ പ്രതിയായ ബാലമുരുകൻ തമിഴ്നാട് പൊലീസ് പിടയിൽ. തിരുച്ചറപ്പള്ളിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വാഹനപരിശോധനക്കിടെ തമിഴ്നാട് ക്യൂബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ചയാണ് ഇയാൾ പൊലീസ് പിടയിലായത്.
നേരത്തെ വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്തുനിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ വിരുതനഗർ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരുമ്പോൾ ജയിലിനു മുന്നിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽനിന്നിറങ്ങി ഓടുകയായിരുന്നു. രണ്ടേമുക്കാലിനും മൂന്നരക്കും ഇടയിൽ ജയിൽവളപ്പിൽ ഒളിച്ച ഇയാൾ, ആദ്യം ഒരു ജയിൽ ജീവനക്കാരന്റെ സൈക്കിൾ മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്.
തെങ്കാശി സ്വദേശിയായ ബാലമുരുകൻ (45) കഴിഞ്ഞ മേയിലും സമാനമായ രീതിയിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു.അന്നും മോഷ്ടിച്ച ബൈക്കിലായിരുന്നു ഇയാൾ കടന്നത്. തുടർന്ന് ബാലമുരുകന് വേണ്ടി തമിഴ്നാട് പൊലീസും കേരള പൊലീസും വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ബാലമുരുകനെ കൊണ്ടു വന്നതിൽ വലിയ വീഴ്ച തമിഴ്നാടിന് പൊലീസിന് പറ്റിയെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. തമിഴ്നാട് പൊലീസിന്റെ അറിവോടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടതെന്ന വാദങ്ങളും ഉണ്ടായിരുന്നു.
