തെൽ അവീവിലേക്ക് കടന്നാക്രമിച്ച് ഹിസ്ബുല്ല; മൊസാദ് ആസ്ഥാനത്ത് റോക്കറ്റാക്രമണം

Hezbollah invades Tel Aviv; Rocket attack on Mossad headquarters

 

തെൽ അവീവ്: തെൽ അവീവിലെ മൊസാദ് ചാര ഏജൻസിയുടെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല. ഒക്‌ടോബർ ഏഴിന് ശേഷം ഇതാദ്യമായാണ് ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഹിസ്ബുല്ല നടത്തുന്നത്. മൊസാദ് ചാര ഏജൻസി ആസ്ഥാനം ലക്ഷ്യമാക്കി ബുധനാഴ്ച റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. തെൽ അവീവി​ലെ മൊസാദ് ആസ്ഥാനത്തെ ലക്ഷ്യമാക്കി ബുധനാഴ്ച രാവിലെ 6:30 ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ നേതാക്കളെ കൊലപ്പെടുത്തിയതിനും പേജറാക്രമണം നടത്തിയതിനുമുള്ള പ്രത്യാക്രമണമാണിതെന്നായിരുന്നു ഹിസ്ബുല്ലയുടെ പ്രതികരണം.

ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് റോക്കറ്റാക്രമണം ഉണ്ടായെന്നും ആളപായമൊന്നും ഉണ്ടായില്ലെന്നും ഇസ്രായേൽ അവകാശപ്പെട്ടു. ​തെൽ അവീവിൽ സൈറൺ മുഴക്കിയതിനെത്തുടർന്ന് ലെബനാനിൽ നിന്ന് തൊടുത്ത മിസൈൽ തടഞ്ഞതായി ഇസ്രായേൽ സൈന്യം പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നെതന്യ നഗരം ഉൾപ്പെടെ മധ്യ ഇസ്രായേലിലെ മറ്റ് പ്രദേശങ്ങളിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

സമീപ ദിവസങ്ങളിൽ ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകളും റോക്കറ്റുകളും ഹിസ്ബുല്ല പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ലബനാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നത് ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതിയോഗം നടക്കുക്കയാണ്. യുദ്ധഭീതിയിലായതിനാൽ ലെബനാനിൽ നിന്ന് അരലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടതായ കണക്കാക്കപ്പെടുന്നു.

തിങ്കളാഴ്ച രാവിലെ മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 50 കുട്ടികൾ ഉൾപ്പെടെ 569 പേർ കൊല്ലപ്പെടുകയും 1,835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *