സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്തെ സ്വകാര്യ ആശുപതി നഴ്സുമാരുടെ മിനിമം വേതനം പുന:പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനകം വേതനം പുതുക്കി നിശ്ചയിക്കണമെന്ന് സർക്കാരിന് കോടതി നിർദേശം നൽകി. ജസ്റ്റിസ് അമിത് റാവലിന്റെതാണ് ഉത്തരവ്.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് 2018ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് വേതനം പുതുക്കി നിശ്ചയിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. ആശുപത്രി മാനേജ്മെന്‍റിന്‍റേയും നഴ്സുമാരുടെയും ഭാഗം കേട്ട ശേഷം മൂന്ന് മാസത്തിനകം തീരുമാനമെടുക്കാനാണ് നിർദേശം.

തുടർച്ചയായ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു വേതനം നിശ്ചയിച്ചുകൊണ്ടുള്ള 2018ലെ സർക്കാരിന്റെ തീരുമാനം. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയും പരമാവധി 30000 രൂപയുമായിരുന്നു അന്ന് സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ആ ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സുമാർ വീണ്ടും സമരരംഗത്തിറങ്ങി.

സർക്കാർ സർവീസിലെ അടിസ്ഥാന വേതന നിരക്കിലേക്ക് തങ്ങളുടെയും വേതനം ഉയർത്തണമെന്നായിരുന്നു നഴ്സുമാരുടെ ആവശ്യം. തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിച്ചതെന്ന് മാനേജ്മെന്റുകളും കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഇരുകൂട്ടരേയും കേട്ട ശേഷം തീരുമാനമെടുക്കാൻ സർക്കാരിന് നിർദേശം നൽകിക്കൊണ്ടുള്ള ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

 

 

Leave a Reply

Your email address will not be published. Required fields are marked *