ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കണമെന്ന് ഹൈക്കോടതി: ‘റെയിൽവേയും കോർപ്പറേഷനും കർമപദ്ധതി തയാറാക്കണം, പരസ്പരം പഴിചാരേണ്ട’

High Court

കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കണമെന്ന് ഹൈക്കോടതി. ഇതിനായി റെയിൽവേയും കോർപ്പറേഷനും കൃത്യമായ കർമപദ്ധതി തയാറാക്കണം. ഇതിന് സർക്കാർ മേൽനോട്ടം വഹിക്കണമെന്നും മാലിന്യം നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്ങനെയെന്ന് റെയിൽവേയും കോർപ്പറേഷനും അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയി മരിച്ച സാഹചര്യത്തിലായിരുന്നു ഹൈക്കോടതി ഇടപെടൽ. ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും വിഷയം പരി​ഗണിച്ച ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് പ്രതികരിച്ചു.High Court

സർക്കാർ അഭിഭാഷകനാണ് ദുരന്ത വിവരം കോടതിയെ അറിയിച്ചത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ തിരുവനന്തപുരം കോർപ്പറേഷനെ ഹൈക്കോടതി കക്ഷി ചേർത്തു. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്നു പറഞ്ഞ കോടതി, കൃത്യമായ കാര്യങ്ങൾ വിശദീകരിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടു. റെയിൽവേയുടെ സ്ഥലത്തിനു പുറത്തേക്കും മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ റെയിൽവേയുടെ സ്ഥലത്തുകൂടിയാണ് ഒഴുകുന്നതെന്നും കോടതി നിരീക്ഷിച്ചു.

പ്ലാസ്റ്റിക് മാലിന്യം കനാലിലേക്ക് ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും സർക്കാരും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്കൂബ ഡൈവർ ഇറങ്ങിയ സ്ഥലത്ത് കറുത്ത നിറത്തിലുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. വർഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് കറുത്ത നിറം വെള്ളത്തിനുണ്ടാകാൻ കാരണം. സമയമെടുത്താലും മുഴുവൻ മാലിന്യവും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. റെയിൽവേയുടെ സ്ഥലമാണ്, അതിനാൽ അവർക്കും ഉത്തരവാദിത്തമുണ്ട്. ജോലി ചെയ്യാനുള്ള അനുമതി റെയിൽവേയും നൽകണം. റെയിൽവേയുടെ ഭാഗത്തുള്ള മാലിന്യം നീക്കേണ്ടതിൻ്റെ ഉത്തരവാദിത്വം റെയിൽവേയ്ക്ക് തന്നെയാണെന്നും കോടതി.

അതേസമയം, തിരുവന്തപുരത്തെ മാലിന്യ സംസ്കരണം എങ്ങനെ നടക്കുന്നുവെന്ന കാര്യവും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് കോണ്‍ട്രാക്ടർമാരെ അല്ലേ തിരുവനന്തപരും കോർപ്പറേഷൻ ആശ്രയിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇവർ മറ്റെവിടെയെങ്കിലും മാലിന്യം കൊണ്ടിട്ടാൽ എങ്ങനെ അറിയും?. ‌‌ഇത്തരം കോണ്‍ട്രാക്ടർമാരെ നിരീക്ഷിക്കേണ്ടേയെന്നും അതിന് പ്രത്യേകം സംവിധാനം വേണ്ടേ എന്നും കോടതി കോടതി ചോദിച്ചു.

കരാറുകാർ എടുക്കുന്ന മാലിന്യം എങ്ങനെ നിർമാർജനം ചെയ്യുന്നുവെന്നത് വലിയൊരു ചോദ്യമാണ്. അമിക്കസ് ക്യൂറി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണം. അദ്ദേഹത്തിന് യാത്രാ സൗകര്യമൊരുക്കണമെന്ന് റെയിൽവേയോട് കോടതി നിർദേശിച്ചു. എത്രയും വേഗത്തിൽ സ്ഥലം സന്ദർശിക്കണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും അമിക്കസ് ക്യൂറി ആശയവിനിമയം നടത്തണം. അമിക്കസ് ക്യൂറിക്ക് 1.5 ലക്ഷം രൂപ പ്രതിഫലമായി നൽകണം. സർക്കാർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരാണ് പ്രതിഫലം നൽകേണ്ടത്. ഈ തുക ഈ മാസം 19നു മുൻപ് നൽകണമെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *