‘ബുക്കിങ് ഇല്ലാതെ വരുന്നവരെ കയറ്റിവിടരുത്’; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ അടിയന്തര സിറ്റിങ്
ശബരിമലയിലെ തിരക്കിൽ അടിയന്തര സിറ്റിങ് നടത്തി ഹൈക്കോടതി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശിച്ചു. അയ്യപ്പഭക്തർ കുടുങ്ങിക്കിടക്കുമ്പോൾ പൊലീസ് മേധാവി നേരിട്ട് ഇടപെടണം. ബുക്കിങ് ഇല്ലാതെ വരുന്നവരെ കയറ്റിവിടരുതെന്നും ദേവസ്വം ബെഞ്ചിന്റെ നിർദേശം. അവധി ദിവസം അടിയന്തര സിറ്റിങ് നടത്തിയാണ് ദേവസ്വം ബെഞ്ചിൻ്റെ ഇടപെടൽ.
നേരത്തെ തിരക്ക് സംബന്ധിച്ച് പ്രതിഷേധങ്ങളും വിമർശനങ്ങളും രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ട് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. വെർച്വൽ ക്യു വഴിയോ സ്പോട്ട് ബുക്കിങ് വഴിയോ അല്ലാതെ വരുന്ന തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന് മുൻപും കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ പൂർണമായും ഫലം കാണാതെ വന്നതോടെയാണ് വീണ്ടും അവധി ദിവസം അടിയന്തര സിറ്റിംഗ് നടത്തി കോടതിയുടെ ഇടപെടൽ.
കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്. തിരക്ക് നിയന്ത്രിക്കാനാകാതെ പോലീസ് വലഞ്ഞു. ഈ സാഹചര്യത്തിൽ സ്പോട് ബുക്കിങ്ങുകൾ കുറയ്ക്കണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് അനിൽ നരേന്ദ്രന്റെ ബെഞ്ചാണ് വിഷയം പരിഗണിച്ച് നിർദേശം നൽകിയത്.
ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ പ്രവാഹം തുടരുമ്പോൾ പമ്പയിലും നിലക്കലും നിയന്ത്രണം ഏർപ്പെടുത്തി ഘട്ടം ഘട്ടമായാണ് തീർത്ഥാടകരെ മല ചവിട്ടിക്കുന്നത്. മണ്ഡലം പുജയ്ക്കായി നട തുറന്ന ശേഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയ ആഴ്ചയാണ് ഇത്. ഇന്നലെ ഈ സീസണിലെ റെക്കോർഡ് തിരക്കാണ് സന്നിധാനത്ത് രേഖപ്പെടുത്തിയത്.
തീർത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു. 12 മണിക്കൂറിൽ അധികം കാത്തുനിന്ന ശേഷമാണ് തീർത്ഥാടകർക്ക് ദർശനത്തിന് എത്താൻ കഴിഞ്ഞത്. തുടർച്ചയായി വന്ന അവധി ദിവസങ്ങളും , മണ്ഡലപൂജ അടുത്തതുമാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവാൻ കാരണമായി കരുതുന്നത്.