ഉയർന്ന പോളിങ് ശതമാനം; ബാരാമുള്ളയിലെ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ശ്രീനഗർ: എക്കാലത്തെയും ഉയർന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ ബാരാമുള്ള ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.Prime Minister
ഒരുകാലത്ത് തീവ്രവാദി ആക്രമണം നടന്നിരുന്ന ബാരാമുള്ളയിൽ തീർത്തും സമാധാനപരമായ പോളിങ് നടന്ന തിങ്കളാഴ്ച 59 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മികച്ച രണ്ടാമത്തെ വോട്ടിങ് ശതമാനമാണിത്.
‘ജനാധിപത്യ മൂല്യങ്ങളോടുള്ള അഭേദ്യമായ പ്രതിബദ്ധതയ്ക്ക് ബാരാമുള്ളയിലെ എന്റെ സഹോദരിമാർക്കും സഹോദരന്മാർക്കും അഭിനന്ദനങ്ങൾ’ എക്സിലെ പോസ്റ്റിൽ മോദി പറഞ്ഞു.
നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, പീപ്പിൾസ് കോൺഫറൻസ് പ്രസിഡന്റ് സജാദ് ലോൺ, ജയിലിൽ കഴിയുന്ന അവാമി ഇത്തേഹാദ് പാർട്ടി (എഐപി) തലവൻ ഷെയ്ഖ് അബ്ദുൾ റാഷിദ് എന്നിവർ രംഗത്തുള്ള ബാരാമുള്ളയിൽ ത്രികോണ മത്സരമാണ്.