ഹിജാബ് നിരോധിക്കണം: സ്വകാര്യ സ്ഥാപനം; പൊട്ടും കുറിയും നിരോധിക്കുമോ: സുപ്രീം കോടതി

Hijab should be banned: private institution; Should spotting be banned: Supreme Court

 

ന്യൂഡൽഹി: മുംബൈ സ്വകാര്യ കോളജിലെ ഹിജാബ് വിലക്ക് നീക്കിയ ഉത്തരവിൽ സുപ്രിംകോടതി ഉന്നയിച്ചത് സുപ്രധാന ചോദ്യങ്ങൾ. കോളജ് അധികൃതരുടേത് ‘തെരഞ്ഞെടുത്ത നിരോധന’മാണെന്നും തിലകക്കുറിയും പൊട്ടുമണിഞ്ഞ് കോളജിൽ വിദ്യാര്‍ഥികള്‍ വരുന്നത് നിരോധിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഏകീകൃത ഡ്രസ് കോഡ് നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിൽ അതു കൂടി നിരോധിക്കേണ്ടതില്ലേ എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

‘ഇതെന്താണ്? ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കരുത്. മതം വെളിപ്പെടുത്താൻ പറ്റില്ലേ? അവരുടെ പേര് മതം വെളിപ്പെടുത്തുന്നില്ലേ? നമ്പറുകളിലാണ് തിരിച്ചറിയേണ്ടത് എന്ന് അവരോട് പറയുമോ?’ – ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ച് ചോദിച്ചു.

സ്വകാര്യ സ്ഥാപനത്തിലാണ് നിയമം നടപ്പാക്കിയത് എന്ന് ചൂണ്ടിക്കാട്ടിയ, കോളജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷിക മാധവി ദിവാനോട് എന്നാണ് സ്ഥാപനം ആരംഭിച്ചതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ തിരിച്ചു ചോദിച്ചു. 2008ലാണെന്നായിരുന്നു ഉത്തരം. ‘ഈ വർഷങ്ങളിൽ നിങ്ങൾ ഇത്തരത്തിൽ നിർദേശങ്ങൾ പുറപ്പെടുവിച്ചില്ല. പെട്ടെന്ന് ഇവിടെ ഒരു മതമുണ്ടെന്ന് തിരിച്ചറിയുന്നു. വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു നിയമവുമായി നിങ്ങൾ മുമ്പോട്ടുവരുന്നത് ദുഃഖകരമാണ്’ എന്നായിരുന്നു ജസ്റ്റിസ് കുമാറിന്റെ മറുപടി.

പൊട്ടിട്ടു വരുന്ന വിദ്യാർഥികളെ കോളജിൽ പ്രവേശിപ്പിക്കില്ലേ എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ ചോദ്യം. കുറച്ച് മുസ്‌ലിം വിദ്യാർഥികൾ മാത്രമാണ് എതിർപ്പുന്നയിച്ചിട്ടുള്ളത് എന്നും 441 മുസ്ലിം വിദ്യാര്‍ഥികള്‍ സന്തോഷത്തോടെ കോളജിൽ വരുന്നുണ്ടെന്നും ദിവാൻ ചൂണ്ടിക്കാട്ടി. അപ്പീൽ നൽകിയ വിദ്യാർഥികൾ എല്ലായ്‌പ്പോഴും ഹിജാബ് ധരിക്കാറില്ലെന്നും അവർ എടുത്തു പറഞ്ഞു. ഈ വേളയിൽ ‘എന്തു ധരിക്കണമെന്ന് പെൺകുട്ടികളുടെ കാര്യമല്ലേ?’ എന്നായിരുന്നു ജസ്റ്റിസ് കുമാറിന്റെ മറുചോദ്യം. എന്താണ് ധരിക്കേണ്ടത് എന്ന് പറഞ്ഞ് എങ്ങനെയാണ് സ്ത്രീയെ ശാക്തീകരിക്കുക എന്നും അദ്ദേഹം ചോദിച്ചു.
വിദ്യാർഥികളുടെ സാമൂഹിക സാഹചര്യങ്ങൾ അധികൃതർ മനസ്സിലാക്കണം. ഹിജാബ് ധരിച്ച് പോകണമെന്ന് കുടുംബാംഗങ്ങൾ പറയുന്നുണ്ടാകാം. അവരോട് കോളജ് വിട്ടുപോകാൻ പറയരുത്. സർക്കുലർ സ്റ്റേ ചെയ്യുകയാണ്. ഇതിനൊക്കെയുള്ള പരിഹാരം നല്ല വിദ്യാഭ്യാസമാണ്- ജസ്റ്റിസ് ഖന്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *