‘മുഷ്ടി ചുരുട്ടി തലയിൽ ഇടിച്ചു, കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു’ പന്തീരങ്കാവ് കേസിൽ അന്ന് യുവതി പറഞ്ഞത്

Panthirangav case.

പന്തീരങ്കാവ് സ്ത്രീധനപീഡന കേസിൽ പരാതിക്കാരിയായ യുവതി മലക്കം മറിയുമ്പോൾ അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത് വീണ്ടും ചർച്ചയാകുന്ന​ു. ദിവസങ്ങളോളം മാധ്യമങ്ങൾക്ക് മുന്നിൽ തുറഞ്ഞ് പറഞ്ഞതും പൊലീസിൽ നൽകിയ പരാതിയുമാണ് യുവതി ഇപ്പോൾ വിഡിയോ സന്ദേശത്തിൽ മാറ്റിപ്പറയുന്നത്. ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. സ്ത്രീധന പീഡന ആരോപണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്നും കുറ്റബോധം കൊണ്ടാണ് തുറന്നു പറയുന്നതെന്നും പെൺകുട്ടി യുട്യൂബ് വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ മെയിൽ ഉന്നയിച്ച ആരോപണങ്ങ​ളെല്ലാമാണ് ഒരു മാസത്തിനുള്ളിൽ യുവതി മാറ്റിപ്പറയുന്നത്.Panthirangav case.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ചെന്നായിരുന്നു എറണാകുളം പറവൂർ സ്വദേശിയായ യുവതി പറഞ്ഞത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്ന് അവർ ആവർത്തിച്ചത്.

കാറും 150 പവനും ഒക്കെ സ്ത്രീധനമായി കിട്ടാൻ തനിക്ക് യോഗ്യതയുണ്ട്.കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ മർദനം തുടങ്ങിയിരുന്നെന്നും യുവതി പറയുന്നു.

അന്ന് മാധ്യമങ്ങളോട് പറഞ്ഞത്

“11ാം തീയതി രാത്രി ഏകദേശം 1 മണിയോടെയാണ് ആദ്യമായി മർദനമേറ്റത്. സ്ത്രീധനം കുറഞ്ഞു പോയി എന്ന പേരും പറഞ്ഞായിരുന്നു തർക്കങ്ങളുടെ തുടക്കം. ആൾ ഇതിൽ കൂടുതൽ അർഹിച്ചിരുന്നു, ഒരു കാറും 150 പവനും ഒക്കെ കിട്ടിയേനെ എന്നായിരുന്നു സംസാരം. എന്റെ ഫാമിലി ഇത്രയേ സ്ത്രീധനം തരൂ എന്ന് ആദ്യമേ പറഞ്ഞിരുന്നു. എന്നാൽ ഒന്നും വേണ്ട, എന്നെ മാത്രം മതി എന്നതായിരുന്നു രാഹുലിന്റെയും കുടുംബത്തിന്റെയും ഭാഗം. ആ ഉറപ്പുകളിലാണ് കല്യാണം നിശ്ചയിച്ചത്. എന്നാൽ കല്യാണത്തോടെ രാഹുലിന്റെയും വീട്ടുകാരുടെയും മട്ടു മാറി.

തർക്കമുണ്ടാവുന്നതിന്റെ അന്ന് രാവിലെ രാഹുലും അമ്മയും മുറി അടച്ചിട്ട് എന്തോ സംസാരിക്കുന്നതായി കണ്ടിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ അത് നീ അറിയേണ്ട എന്നായിരുന്നു മറുപടി. പിന്നീട് ഒരു ഫംഗ്ഷന് പോയ രാഹുൽ നോർമൽ ആയല്ല തിരിച്ചെത്തിയത്. കണ്ണൊക്കെ ആകെ ചുവന്ന മട്ടായിരുന്നു. അപ്പോൾ തന്നെ ബീച്ചിൽ ഡ്രൈവ് പോണം എന്ന് പറഞ്ഞു. എതിർത്തെങ്കിലും കേട്ടില്ല. ബീച്ചിൽ വെച്ച്, താൻ അമ്മയുമായി അധികം സംസാരിക്കുന്നില്ല എന്ന് പറഞ്ഞ് ചെറിയ തർക്കമുണ്ടായി. അതിൽ പിന്നെ വീട്ടിൽ ചെന്നതേ അടിയായിരുന്നു.

അമ്മയുമായുള്ള പിണക്കത്തിന്റെ പേരിൽ തുടങ്ങിയ അടിയിലുടനീളം പറഞ്ഞത് സ്ത്രീധനത്തെ കുറിച്ചും… ഇതിന് മുമ്പ് ആ ഒരു പ്രശ്‌നത്തിന്റെ പേരിൽ രാഹുൽ വഴക്കിട്ടിട്ടില്ല. അമ്മയുമായി നടന്ന സംസാരത്തിന് പിന്നാലെയാണ് ഇത് എന്നാണ് സംശയം. എനിക്ക് കാറ് കിട്ടണം, എപ്പോൾ കിട്ടും എന്ന് ചോദിച്ചായിരുന്നു മർദനം മുഴുവൻ…

കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ മോന് ഇതിലും കൂടുതൽ സ്ത്രീധനം കിട്ടുമെന്നൊക്കെ അമ്മയും രാഹുലിന്റെ സഹോദരിയും പറഞ്ഞിരുന്നു. ഇത് രാഹുലിനോട് പറഞ്ഞ ദിവസമാണ് അമ്മയും രാഹുലും മുറിയടച്ചിരുന്ന് സംസാരമുണ്ടായത്. അന്ന് രാത്രിയാണ് മർദനമുണ്ടായതും…

ഇതൊന്നും വീട്ടിൽ വിളിച്ചു പറയാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. രാഹുലിന്റെ കയ്യിൽ ആയിരുന്നു എന്റെ ഫോണും…അടി കിട്ടിയ ദിവസവും ഫോൺ കയ്യിൽ ഇല്ലായിരുന്നു. കരണത്തായിരുന്നു ആദ്യത്തെ അടി… പിന്നീട് മുഷ്ടി ചുരുട്ടി തലയിൽ മൂന്ന് വട്ടം ഇടിച്ചു. നെറ്റിയിൽ അത്യാവശ്യം നന്നായി തന്നെ മുഴച്ചു. ചാർജറിന്റെ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാനും അയാൾ ശ്രമിച്ചിരുന്നു. കൊല്ലും എന്ന് തന്നെയായിരുന്നു മർദിക്കുമ്പോഴൊക്കെ അയാളുടെ ആക്രോശവും…

വീട്ടിൽ മുകളിലത്തെ മുറിയിലായിരുന്നു ഞങ്ങളുടെ താമസം. രാഹുലിന്റെ അമ്മയും ചേച്ചിയും ആ വീട്ടിൽ തന്നെയാണ് താമസം. ഇടയ്ക്ക് സുഹൃത്ത് രാജേഷും വരും. മർദനമേറ്റപ്പോഴൊക്കെ ഉറക്കെ കരഞ്ഞെങ്കിലും ആരും വന്നിരുന്നില്ല. ഇടയ്ക്ക് ആരോ മുകളിലേക്ക് കയറി വരുന്നതായി തോന്നിയെങ്കിലും വാതിലൊന്നും തുറക്കാൻ ശ്രമിച്ചതായി കണ്ടില്ല. ചിലപ്പോൾ മനപ്പൂർവ്വം ഇടപെടാഞ്ഞതാവാം…” യുവതി പറയുന്നു…

ഏപ്രിൽ അഞ്ചിനായിരുന്നു പന്തീരങ്കാവ് പന്നിയൂർക്കുളം സ്വദേശി രാഹുൽ ഗോപാലുമായി യുവതിയുടെ വിവാഹം. വിവാഹത്തിന്റെ ഏഴാം നാൾ അടുക്കള കാണൽ ചടങ്ങിലാണ് യുവതിക്ക് ക്രൂരമർദനമേറ്റ വിവരം പെൺകുട്ടിയുടെ കുടുംബം അറിയുന്നത്. കണ്ടാൽ തിരിച്ചറിയാത്ത വിധമായിരുന്നു തങ്ങൾ കാണുമ്പോൾ യുവതി എന്നും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമൊക്കെ പാടുകളും കണ്ട് ചോദിച്ചപ്പോഴാണ് മർദനവിവരം യുവതി പറയുന്നതെന്നും യുവതിയുടെ അച്ഛൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പന്തീരങ്കാവ് പൊലീസ് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വധശ്രമത്തിന് കേസെടുക്കാനുള്ള തങ്ങളുടെ ആവശ്യം പരിഗണിക്കാതെ ഗാർഹിക പീഡനത്തിന് മാത്രം കേസെടുത്തെന്നാണ് പരാതിയിൽ കുടുംബം പറയുന്നത്. കേസിൽ പരാതിയെടുക്കാൻ വൈകിയെന്ന് പറഞ്ഞ് പൊലീസിനെതിരെ നടപടിയുണ്ടായിരുന്നു. എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തിരുന്നു. രാജ്യം വിട്ട പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *