അടി, തിരിച്ചടി: അർഹിച്ച ജയം പൊരുതി നേടി ബ്ലാസ്റ്റേഴ്സ്

Blasters

ആളൊഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലും വീര്യം ചോരാതെ പന്തുതട്ടി കേരള ബ്ലാസ്റ്റേഴ്സ് നേടിയെടുത്തത് വിലപ്പെട്ട മൂന്ന് പോയന്റ്. ഇഞ്ച്വറി ടൈം ഗോളിൽ ഒഡീഷ എഫ്.സിയെ 3-2നാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്.വിജയത്തോ​ടെ ബ്ലാസ്റ്റേഴ്സ് ​േപ്ല ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 95ാം മിനുറ്റിൽ നോഹ് സദോയിയാണ് വിജയഗോൾ കുറിച്ചത്.Blasters

മത്സരം മുറുകും മുമ്പേ നാലാം മിനുറ്റിൽ ഗോൾ നേടി ഒഡീഷ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയെ സാക്ഷിയാക്കി ജെറി മാവിമിങ്താംഗയാണ് ഒഡീഷക്കായി ഗോൾ നേടിയത്. എന്നാൽ നിരന്തര മുന്നേറ്റങ്ങളിലൂടെ ആതിഥേയർ മത്സരത്തിലേക്ക് മടങ്ങിയെത്തി. വിങുകളിലൂടെ ഓടിക്കയറിയ നോഹ് സദോയി പലകുറി ഒഡീഷയെ വെള്ളം കുടിപ്പിച്ചെങ്കിലും ഗോളിലേക്കുള്ള ലക്ഷ്യത്തിൽ പിഴച്ചു. മികച്ച അവസരങ്ങൾ ക്വാമി പെപ്രക്കും ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

മത്സരത്തിന്റെ 60ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്സ് അർഹിച്ച ഗോൾ നേടിയത്. കേറോ സിങ് നീട്ടി നൽകിയ പന്തിനായി ഒഡീഷ പ്രതിരോധ നിരയുടെ വിടവിലൂടെ ഓടിവന്ന ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിനായി അക്കൗണ്ട് തുറന്നത്. ഗോൾ വീണതോടെ വിജയദാഹവുമായി കളിച്ച കൊമ്പൻമാർ 72ാം മിനുറ്റിൽ രണ്ടാം ഗോളും കുറിച്ചു. പെപ്ര, അ​ഡ്രിയർ ലൂണ, നോഹ് സദോയി ത്രയത്തിലൂടെ വന്ന പന്ത് വലയിലേക്ക തിരിച്ചുവിട്ട് ഹെസൂസ് ഹിമെനസാണ് ഗോൾ നേിടയത്.

ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്കെന്ന് തോന്നിക്കവേയാണ് ഒഡീഷ മറുപടി ഗോൾ നേടിയത്. സേവ്യർ ഗാമയുടെ ഉഗ്രൻഷോട്ട് ​ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് തട്ടിത്തെറിപ്പിച്ചത് വന്നുവീണത് ഒഡീഷയുടെ ഡോറിയുടെ കാലിൽ. ഡോറി അനായാസം പന്ത് വലയിലേക്ക് തൊടുത്തു. വൈകാതെ 83ാം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡും നേടി കാർലോസ് ഡെൽഗാഡോ പുറത്തായതോടെ ഒഡീഷ പത്തുപേരായി ചുരുങ്ങി.

ഒടുവിൽ കാത്തിരിപ്പിന് വിരാമിട്ട് നോഹ് സദോയി താൻ അർഹിച്ച ഗോളും വിജയവും ബ്ലാസ്റ്റേ​ഴ്സിനായി നേടിക്കൊടുത്തു. നോഹയുടെ ഷോട്ട് ഒഡീഷ താരത്തിന്റെ കാലിൽ തട്ടിയാണ് വലയിലേക്ക് പതിച്ചത്.

പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം ബ്ലാസ്റ്റേഴ്സാണ് ആധിപത്യം പുലർത്തിയത്. മാനേജ്മെന്റി​നോടുള്ള പ്രതിഷേധം കാരണം ഏതാനും കാണികൾ മാത്രമാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ജനുവരി 18ന് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *