‘മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് എങ്ങനെ കുറ്റകരമാകും?’ -സുപ്രിംകോടതി

Supreme Court

ന്യൂഡൽഹി: മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് എങ്ങനെ കുറ്റകരമാകുമെന്ന ചോദ്യമുന്നയിച്ച് സുപ്രിംകോടതി. കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ ഹരജി പരിഗണിച്ച സുപ്രിംകോടതി സംഭവത്തിൽ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.Supreme Court

ദക്ഷിണ കന്നഡ ജില്ലയിലെ ബദ്‌റിയ ജുമ മസ്ജിദില്‍ കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നീ രണ്ടുപേര്‍ പള്ളിയില്‍ അതിക്രമിച്ചു കയറുകയും ജയ് ശ്രീറാം എന്ന് വിളിക്കുകയുമായിരുന്നു. മുസ്‌ലിംകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തുക, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

പിന്നീട് ഇരുവരും തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബര്‍ 13ന് ഇവർക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം ഇതുവരെ അപ്പീല്‍ നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

ആരെങ്കിലും ജയ് ശ്രീറാം എന്ന് വിളിച്ചാല്‍ അത് മതവികാരത്തെ വ്രണപ്പെടുത്തുന്നത് എങ്ങനെയാണ് എന്ന് കോടതി ചോദിച്ചു. ഹിന്ദു-മുസ്‌ലിം മതവിഭാ​ഗത്തിൽപ്പെട്ടവർ ഈ പ്രദേശത്ത് സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കുമ്പോള്‍, ഹരജിയുടെ പ്രധാന്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കൂടാതെ പ്രതികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി. പ്രതികളെ തിരിച്ചറിയുന്നതിന് മുമ്പ് സിസിടിവിയോ മറ്റേതെങ്കിലും തെളിവുകളോ പരിശോധിച്ചിട്ടുണ്ടോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *