ഓഹരി വിപണിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മൂന്ന് ലക്ഷം കോടിയുടെ നഷ്ടം
മുംബൈ: ആറാം ദിവസവും നഷ്ടത്തിൽ വ്യാപാരം നടത്തി ഇന്ത്യൻ ഓഹരി സൂചികകൾ. ആഗോള വിപണിയിലെ തകർച്ചയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരി വിപണികളിലും നഷ്ടം രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റ് സംഘർഷവും യു.എസ് ട്രഷറി വരുമാനം സംബന്ധിച്ച ആശങ്കകളും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
സെൻസെക്സ് 700 പോയിന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 188 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 3.58 ലക്ഷം കോടി കുറഞ്ഞ് 305.64 ലക്ഷം കോടിയായി. ടെക് മഹീന്ദ്ര, എം&എം കമ്പനികൾ 2.3 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്, ടാറ്റ സ്റ്റീൽ എന്നിവയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ആക്സിസ് ബാങ്ക്, എച്ച്.സി.എൽ ടെക്, ഇൻഡസ്‍ലാൻഡ് ബാങ്ക് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. വിദേശസ്ഥാപനങ്ങൾ 4,237 കോടിയുടെ ഓഹരികൾ വിറ്റു. അതേസമയം, അഭ്യന്തര നിക്ഷേപകർ 3,569 കോടിയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ മാർക്കറ്റുകൾ പലതും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ചൈനയുടെ ബ്ലു-ചിപ് ഇൻഡെക്സ് 0.51 ശതമാനം നഷ്ടവും ജപ്പാന്റെ നിക്കി രണ്ട് ശതമാനവും നഷ്ടം രേഖപ്പെടുത്തി. എണ്ണവിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിലേക്ക് എത്തി. വരും ദിവസങ്ങളിലും എണ്ണവില ഉയർന്നേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കറൻസി വിപണിയിൽ ഇന്ത്യൻ രൂപ യു.എസ് ഡോളറിനെതിരെ മൂന്ന് പൈസയുടെ നഷ്ടം രേഖപ്പെടുത്തി.