‘മനുഷ്യരെ കൊന്ന് ഷീറ്റാക്കുന്ന ഹ്യൂമൻ പ്രസ്’; സിറിയൻ ജയിലുകളിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ
സിറിയയിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തെ താഴെയിറക്കി വിമതർ അധികാരം പിടിച്ചതോടെ ഏറ്റവും ഭീകരമായ വാർത്തകൾ പുറത്തുവരുന്നത് അവിടത്തെ ജയിലുകളിൽനിന്നാണ്. ജയിലുകൾ കയ്യേറിയ വിമതർ ബശ്ശാറുൽ അസദും പിതാവ് ഹഫീസ് അൽ അസദും തടവിലാക്കിയ ആയിരക്കണക്കിന് ആളുകളെയാണ് മോചിപ്പിച്ചത്. ഇനിയൊരിക്കലും പുറംലോകം കാണാനാവുമെന്ന് പ്രതീക്ഷിക്കാതിരുന്നവർ അപ്രതീക്ഷിത മോചനത്തിന്റെ സന്തോഷത്തിലാണ്. ലോകത്തെ നടക്കുന്ന കൊടുക്രൂരതകളുടെ കഥകളാണ് ഇവർക്ക് പറയാനുള്ളത്.
‘മനുഷ്യന്റെ അറവുശാല’ എന്നാണ് സായിദ്‌നായ കോൺസൻട്രേഷൻ ക്യാമ്പ് അറിയപ്പെട്ടിരുന്നത്. 2017ൽ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ആണ് സായിദ്‌നായയെ കുറിച്ചുള്ള റിപ്പോർട്ടിന് ഈ തലക്കെട്ട് നൽകിയത്. തലസ്ഥാനമായ ദമസ്‌കസിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ കുപ്രസിദ്ധമായ ജയിൽ. 1980ലാണ് ഈ ജയിൽ സ്ഥാപിച്ചത്. റെഡ് ബിൽഡിങ്, വൈറ്റ് ബിൽഡിങ് എന്നിങ്ങനെ രണ്ട് തടങ്കൽ പാളയങ്ങളുണ്ട്. റെഡ് ബിൽഡിങ്ങിൽ 10,000 പേരെയും വൈറ്റ് ബിൽഡിങ്ങിൽ 20,000 ആളുകളെയും പാർപ്പിക്കാനുള്ള ശേഷിയുണ്ട്. ആദ്യത്തേതിൽ സാധാരണക്കാരായ തടവുകാരെയും രണ്ടാമത്തേതിൽ ഭരണകൂടത്തോട് വിശ്വാസക്കുറവ് കാണിക്കുന്ന സൈനികരെയുമാണ് പാർപ്പിച്ചിരുന്നത്.
സായിദ്‌നായയിലെ ഏറ്റവും ഞെട്ടിക്കുന്ന ഉപകരണം ‘ഹ്യൂമൻ പ്രസ്’ ആണെന്ന് തടവുകാർ പറയുന്നു. മനുഷ്യരെ കൊലപ്പെടുത്തിയ ശേഷം ഈ പ്രസ്സിലിട്ട് അമർത്തും. കട്ടിയുള്ള ഇരുമ്പിന്റെ പ്രസ്സിനിടയിൽ മനുഷ്യരുടെ ശരീരം അമർന്ന് ഒരു ഷീറ്റ് കണക്കെ ആയിത്തീരും. ശരീരത്തിലെ സ്രവങ്ങളും വെള്ളവുമെല്ലാം ഒലിച്ചുപോകാനുള്ള ഡ്രൈനേജ് ഉണ്ട്. ബാക്കിയാവുന്ന മനുഷ്യ ഷീറ്റ് കത്തിച്ചുകളയും. ആയിരങ്ങളെ എളുപ്പത്തിൽ കൊന്നുതള്ളാൻ അസദ് ഭരണകൂടം വികസിപ്പിച്ചെടുത്ത ഉപകരണമാണിത്.
2011 സെപ്റ്റംബറിന് 2015 ഡിസംബറിനുമിടയിൽ 5000-13000 ആളുകൾ വിചാരണകൂടാതെ സായിദ്‌നായയിൽ കൊല്ലപ്പെട്ടുവെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നത്. അതിന് ശേഷവും ആയിരങ്ങൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. സായിദ്‌നായയിൽ മാത്രം 30,000 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ സംഘടന പറയുന്നത്.
അർധരാത്രിയാണ് വൈറ്റ് ബിൽഡിങ്ങിന്റെ ബേസ്‌മെന്റിലുള്ള വധശിക്ഷ നടപ്പാക്കാനുള്ള മുറിയിലേക്ക് ആളുകളെ കൊണ്ടുപോയിരുന്നത്. ഒരു മീറ്റർ ഉയരത്തിലുള്ള 10 കൊലക്കയറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 2012ൽ ഈ മുറി വിപുലീകരിച്ച് 20ൽ കൂടുതൽ കൊലക്കയറുകൾ നിർമിച്ചു. റൂമിൽ മൂന്ന് സെല്ലുകളാണ് ഉണ്ടായിരുന്നത്. നൂറോളം തടവുകാരെയാണ് ദിവസവും വധശിക്ഷ നടപ്പാക്കാനായി കൊണ്ടുപോയിരുന്നതെന്നും ജയിലിൽനിന്ന് പുറത്തിറങ്ങിയവർ പറയുന്നു.
സായിദ്‌നായയിലെ ബേസ്‌മെന്റിലുള്ള രഹസ്യമുറികളിലെ തടവുകാരെ ഇനിയും രക്ഷിക്കാനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. രഹസ്യമുറികളുടെ ഇലക്ട്രിക് വാതിലുകൾ തുറക്കാനുള്ള കോഡ് അവിടത്തെ ജയിൽ ഉദ്യോഗസ്ഥർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അത് കിട്ടാത്തതിനാൽ രഹസ്യമുറികൾ തുറക്കാനാവാത്ത സ്ഥിതിയിലാണ്. വാതിലുകൾ തുറക്കാനുള്ള കോഡുകൾ വിമത സൈനികർക്ക് കൈമാറണമെന്ന് ദമസ്‌കസ് ഗവർണറേറ്റ് കഴിഞ്ഞ ദിവസം അസദ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരോട് സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരുന്നു.
2019ൽ തീവ്രവാദക്കുറ്റം ആരോപിച്ച് ഹമയിലെ ചെക്ക് പോയിന്റിൽ നിന്ന് സിറിയൻ പൊലീസ് കസ്റ്റഡിയിലെടുത്ത ഹാല താൻ മോചിപ്പിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സർക്കാരിനെ എതിർക്കുന്നവരെയെല്ലാം തീവ്രവാദക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതായിരുന്നു അസദ് ഭരണകൂടത്തിന്റെ രീതിയെന്ന് ഹാല പറയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ഹാലയെ അലപ്പോയിലേക്കാണ് കൊണ്ടുപോയത്. അഞ്ച് വർഷത്തോളമായി അവിടെ വിവിധ ജയിലുകളിലായിരുന്നു. നവംബർ 29ന് സിറിയൻ വിമതർ അലപ്പോ പിടിച്ചതോടെയാണ് ഹാലയെയും മറ്റു തടവുകാരെയും മോചിപ്പിച്ചത്.
”ഞങ്ങൾ മോചിപ്പിക്കപ്പെട്ടെന്ന കാര്യം വിശ്വസിക്കാനാവുന്നില്ല. പുറംലോകം കാണാനാവുമെന്ന് വിചാരിച്ചിരുന്നില്ല. സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്, മോചിപ്പിച്ചവരെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. കുടുംബത്തിനൊപ്പം എത്തിയപ്പോൾ സന്തോഷം അതിലും വലുതായിരുന്നു. എനിക്ക് ഒരു പുനർജന്മം കിട്ടിയപോലെ ആയിരുന്നു”-ഹാല പറഞ്ഞു.
അസദ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച കുറ്റത്തിന് ജയിലിലടക്കപ്പെട്ട 136,614 പേരിൽ ഒരാൾ മാത്രമാണ് ഹാല. ക്രൂരമായ പീഡനം, പട്ടിണിക്കിടൽ, അടി, രോഗികളായ തടവുകാർക്ക് ചികിത്സ നിഷേധിക്കൽ തുടങ്ങിയവയായിരുന്നു സിറിയൻ ജയിലുകളിൽ നടന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിക്കുന്നു.
ജയിലിൽ ക്രൂരമായ പീഡനത്തിനിരയായ ഒരു 16കാരിയെക്കുറിച്ചും ഹാല ഓർമിക്കുന്നു. അവൾ പിന്നീട് മരിച്ചുവെന്നാണ് അറിഞ്ഞതെന്ന് ഹാല പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ആ കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രം പിന്നിട്ടിരുന്നുള്ളൂ. വിമതരെ സഹായിച്ചുവെന്ന് ആരോപിച്ചാണ് ആ പെൺകുട്ടിയെയും ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയെയും ഒരു മുതിർന്ന സ്ത്രീയെയും രണ്ട് ഡോക്ടർമാരെയും കസ്റ്റഡിയിലെടുത്തിരുന്നതെന്ന് ഹാല പറഞ്ഞു.
ഇന്ന് ഞാൻ വീണ്ടും ജനിച്ചപോലെയാണ് തോന്നുന്നതെന്ന് 49കാരനായ സാഫി അൽ യാസീൻ പറഞ്ഞു. ആലപ്പോയിലെ ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ടയാളാണ് സാഫി. സന്തോഷം അവിശ്വസനീയമാണെന്ന് സാഫി പറയുന്നു.
”അയ്യായിരത്തോളം തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. ജയിലിന് പുറത്തുനിന്ന് വിമത സൈനികരുടെ മുദ്രാവാക്യങ്ങൾ കേട്ടതോടെ ഞങ്ങൾ പുറത്തിറങ്ങാനായി വാതിലുകളും ജനലുകളും തകർക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരും ഗാർഡുമാരും സിവിലിയൻ വസ്ത്രം ധരിച്ച് ഞങ്ങൾക്കൊപ്പം ഇറങ്ങി. വിമതർ പിടികൂടാതിരിക്കാൻ അവരും സാധാരണവേഷത്തിൽ ഞങ്ങൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു”-സാഫി പറഞ്ഞു.
വടക്കുപടിഞ്ഞാറൻ സിറിയയിലെ ബനിയാസ് സ്വദേശിയായ യാസീൻ മത്സ്യബന്ധന ബോട്ടുകൾ നിർമിക്കുന്ന ആളായിരുന്നു. 2011ൽ സിറിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ കാലത്ത് പ്രകടനത്തിൽ പങ്കെടുത്തുവെന്ന കുറ്റത്തിനാണ് യാസീനെ പിടികൂടിയത്. 31 വർഷം തടവായിരുന്നു യാസീന് ലഭിച്ച ശിക്ഷ. ശിക്ഷാ കാലാവധിയുടെ പകുതിയോളം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് യാസീൻ മോചിതനാകുന്നത്.
തീവ്രവാദ ഫണ്ടിങ് കേസിലാണ് മഹർ 2017ൽ അറസ്റ്റിലായത്. വിചാരണ പോലുമില്ലാതെയാണ് കഴിഞ്ഞ ഏഴ് വർഷമായി അവൻ സിറിയൻ ജയിലിൽ കഴിഞ്ഞത്. മൃഗങ്ങൾക്ക് പോലും താങ്ങാനാവാത്ത ക്രൂരമായ പീഡനമാണ് ജയിലിൽ നേരിടേണ്ടിവന്നതെന്ന് മഹർ പറഞ്ഞു. പലപ്പോഴും കനത്ത പീഡനങ്ങൾ മൂലം മരിച്ചുപോകുമെന്ന് തോന്നിയെന്നും ഒരിക്കലും പുറത്തിറങ്ങാനാകുമെന്ന് കരുതിയിരുന്നില്ലെന്നും മഹർ പറയുന്നു.