മനുഷ്യ വന്യമൃഗ സംഘർഷം: പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ അപര്യാപ്തതയും ഇരകൾക്കുള്ള വാഗ്ദാനങ്ങൾ നിറവേറ്റാത്തതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്
നിലമ്പൂർ : മനുഷ്യ വന്യമൃഗ സംഘർഷത്തിൽ കൊല്ലപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുകയും ഉറപ്പുകളും ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്. കഴിഞ്ഞ ഡിസംബർ 27 മുതൽ ഫെബ്രുവരി 12 വരെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. അവരുടെ ബന്ധുക്കൾ അടക്കമുള്ളവർ നൽകിയ കത്തുകൾ കൂടി ഉൾക്കൊള്ളിച്ചാണ് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. Chief Minister
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ താൻ നേരിട്ട് കണ്ടുവെന്നും അവർ ഉന്നയിച്ച വിഷയങ്ങൾ ജില്ലാ ഭരണകൂടവുമായി സംസാരിച്ചുവെന്നും പ്രിയങ്ക കത്തിൽ പറയുന്നു. വന്യജീവികളെ സംരക്ഷിക്കുവാനുളള നിയമപരമായ ബാധ്യത നിവഹിക്കുമ്പോൾ തന്നെ മനുഷ്യ ജീവനുകൾ സംരക്ഷിക്കുവാനുള്ള നടപടികൾ എടുക്കാൻ അവർക്ക് ഇച്ഛയശക്തിയുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത അവർക്ക് വലിയ തടസ്സമായി നിൽക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് വലിയ പങ്കു നിർവഹിക്കാനുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ഫണ്ട് വിനിയോഗത്തെ ആധാരമാക്കിയാണ് കേന്ദ്രത്തിനു ഫണ്ട് ചിലവഴിക്കാൻ സാധിക്കുക. അതിനാൽ തന്നെ സംസ്ഥാന സർക്കാരിന്റെ ഫണ്ട് അനുവദിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം മൂലം കേന്ദ്രം ഫണ്ട് നൽകുന്നതിൽ താമസമുണ്ടാവുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.
വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി തെർമൽ ഡ്രോണുകളും, ക്യാമറ കെണികളും, സിസിടിവി ക്യാമറകളും റേഡിയോ കോളറുകളും ആവശ്യമാണ്. ആർആർടിക്ക് വാഹനങ്ങളും ആവശ്യമുണ്ട്. സുൽത്താൻ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിൽ നിലവിലുള്ള മൃഗങ്ങളുടെ എണ്ണം തന്നെ അധികമാണ്. ഏറ്റവും പ്രധാനമായി ആനകളെ നിയന്ത്രിക്കുന്നതിനുള്ള കിടങ്ങുകളുടെ പരിപാലനവും, സോളാർ വേലികളും, തൂക്കു വേലികളും അടിയന്തരമായി ആവശ്യമുണ്ടെന്ന് കത്തിൽ ചൂണ്ടികാണിക്കുന്നു. കൊല്ലപ്പെട്ട സരോജിനിയുടെ വീട് സന്ദർശിച്ചപ്പോൾ കിടങ്ങുകൾ നേരിട്ട് പരിശോധിക്കുകയുണ്ടായി. ഏറ്റവും ശോചനീയമായ അവസ്ഥയിലാണ് കിടങ്ങുകളെന്നും അത് ആനകളെ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് പര്യാപ്തമല്ലെന്നും കത്തിൽ പറയുന്നു. നിലമ്പൂർ കരുളായിയിൽ കൊല്ലപ്പെട്ട മണിയുടെയും, മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കൊല്ലപ്പെട്ട രാധയുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞിട്ടുള്ള കാര്യങ്ങളും കത്തിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങൾക്ക് സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ അവിശ്വാസം നിലനിൽക്കുന്നുണ്ട്. അതിൽ ന്യായമായും അവർക്ക് അമർഷവും നിരാശയുമുണ്ട്. കിടങ്ങുകളും കടുവകളെ പ്രതിരോധിക്കാനുള്ള തൂക്കു വേലികളും ഗുണം ചെയ്യുമെന്ന് അവർക്ക് അഭിപ്രായമില്ല. അതിനാൽ മിക്കയിടങ്ങളിലും ഭിത്തികൾ നിർമ്മിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത് എന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് അവർ നൽകിയ നിവേദനങ്ങൾ കൂടി ഉൾക്കൊള്ളിച്ച കത്തിൽ പറയുന്നു. അഞ്ചു കുട്ടികളെ വളർത്തേണ്ട മണിയുടെ ഭാര്യയ്ക്ക് ജോലി സ്ഥിരപ്പെടുത്തി നൽകണമെന്ന ആവശ്യവും അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
വയനാടും മലപ്പുറത്തും ജില്ലാ ഭരണകൂടത്തിന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അനുവദിക്കണമെന്നും കേന്ദ്രസർക്കാരുമായി സഹകരിച്ച് ഒരു വിദഗ്ധ സംഘത്തെ അയക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആവശ്യമായ പണം സർക്കാർ അടിയന്തിരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പ്രിയങ്ക ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ മാനന്തവാടിയിൽ കൊല്ലപ്പെട്ട അജീഷിന്റെ ഭാര്യ ഷീബ അജീഷ്, മേപ്പടിയിൽ കൊല്ലപ്പെട്ട കുഞ്ഞവറാന്റെ ഭാര്യ കുഞ്ഞായിഷ, നിലമ്പൂർ കരുളായിയിൽ കൊല്ലപ്പെട്ട മണിയുടെ ഭാര്യ മാതി, 2016 ഇൽ മേപ്പാടി ചുളുക്ക എസ്റ്റേറ്റ് പരിസരത്ത് കൊല്ലപ്പെട്ട മണിയുടെ മകൻ മനുപ്രസാദ്, പുൽപ്പള്ളി പാക്കത്ത് കൊല്ലപ്പെട്ട പോളിന്റെ ഭാര്യ ഷാലി പോൾ, നൂൽപ്പുഴയിൽ കൊല്ലപ്പെട്ട മാറോട് കുറുമ ഉന്നതിയിലെ രാജുവിന്റെ മകൻ ആദർശ് എം.ആർ, നിലമ്പൂർ മൂത്തേടത്ത് കൊല്ലപ്പെട്ട സരോജിനിയുടെ ഭർത്താവ് കരിയൻ, മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പള്ളിപ്പുറത്ത് തോമസിന്റെ ഭാര്യ സിനിമോൾ എന്നിവർ നൽകിയ നിവേദനങ്ങളും ഉൾപ്പെടുത്തിയാണ് വിശദമായ കത്തയച്ചത്.