‘ഐ.സി ബാലകൃഷ്‌ണനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല’- വയനാട് ബാങ്ക് നിയമന വിവാദത്തിൽ ടി. സിദ്ദിഖ് എംഎൽഎ

Siddique

വയനാട്: ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയിൽ കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ. ഐ സി ബാലകൃഷ്‌ണൻ എംഎൽഎക്കെതിരെ വ്യാജ ആരോപണം സൃഷ്‌ടിച്ചതിന്റെ സാഹചര്യം അന്വേഷിക്കണമെന്ന് എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. ഐ.സി.ബാലകൃഷ്‌ണനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. ഐ സി ബാലകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തിയിരുന്നു.Siddique

പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് ഐസി ബാലകൃഷ്‌ണൻ ഈ വിഷയത്തിൽ പരാതി നൽകിയിട്ടുള്ളത്. വിജയൻ ആശുപത്രിയിൽ ഉള്ളപ്പോഴോ അതിന് മുൻപോ സാമ്പത്തിക ആരോപണ വിഷയം സിപിഎം ഉന്നയിച്ചിട്ടില്ല. മരിച്ച ശേഷം ആരോപണം ഉന്നയിക്കുന്നത് ബോധപൂർവ്വമുള്ള രാഷ്ട്രീയ ലക്ഷ്യമുള്ളത് കൊണ്ടാണ്. പെരിയ ഇരട്ടക്കൊലയിൽ പ്രതിസന്ധിയിൽ ആയ സാഹചര്യത്തിലാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു.

പൊലീസ് അന്വേഷണവുമായി പാർട്ടി സമ്പൂർണ്ണമായി സഹകരിക്കും. പോലീസ് രാഷ്ട്രീയ പക്ഷപാതത്തിലേക്ക് നീങ്ങിയാൽ പ്രതിരോധിക്കാൻ നടപടിയുമായി മുന്നോട്ടു പോകുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. സിപിഎം പ്രചരിപ്പിക്കുന്ന രേഖകളിൽ ഒരു അടിസ്ഥാനവും ഇല്ലെന്ന് സണ്ണി ജോസഫ് എംഎൽഎയും പ്രതികരിച്ചു.

ചില ചാനലുകളും സിപിഎമ്മും ഒരു രേഖ പുറത്തുവിടുന്നത് കണ്ടു. അതിൽ ഐ.സി ബാലകൃഷ്‌ണൻ എവിടെയെങ്കിലും ഒപ്പുവെച്ചിട്ടുണ്ടോ? എന്ത് ആധികാരിതയാണ് രേഖയിൽ ഉള്ളതെന്നും സണ്ണി ജോസഫ് ചോദിച്ചു.

വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയനേയും മകൻ ജിജേഷിനേയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ബാങ്ക് നിയമന വിവാദത്തിന്റെ തുടക്കം. എൻ.എം വിജയനും വയനാട് സ്വദേശിയായ ഉദ്യോ​ഗാർഥിയുടെ പിതാവും തമ്മിലുള്ള കരാർ രേഖ പുറത്തുവന്നിരുന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോ​ഗാർഥിയുടെ പിതാവിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായാണ് കരാർ.

എന്‍. എം വിജയനാണ് രേഖയിൽ ഒപ്പിട്ടിരിക്കുന്നത്. അന്നത്തെ ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്‌ണന്റെ പേരും കരാറിൽ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല എന്നീ പ്രദേശത്തെ സർവീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവിൽ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്നായിരുന്നു കരാറിൽ പറയുന്നത്. ഐ.സി. ബാലകൃഷ്‌ണന്റെ നിർദേശപ്രകാരമാണ് പണം കൈപ്പറ്റുന്നതെന്നും രേഖയിലുണ്ട്.

തനിക്കെതിരേ ഉയര്‍ന്നുവന്ന ആരോപണത്തിലും പുറത്തുവന്ന രേഖകളുമായി ബന്ധപ്പെട്ടും എസ്.പിക്ക് പരാതി നല്‍കുമെന്ന് ഐ.സി. ബാലകൃഷ്‌ണൻ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *