‘കൂടെ കുട്ടികളുണ്ടാകുമ്പോൾ എനിക്ക് സ്വകാര്യത വേണം’: അനുവാദമില്ലാതെ ചിത്രീകരിച്ച ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയോട് കയർത്ത് കോഹ്‍ലി
സിഡ്നി: മെൽബൺ എയർപോർട്ടിൽ വെച്ച് ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയോട് ക്ഷുഭിതനായി വിരാട് കോഹ്‍ലി. കുടുംബത്തോടൊപ്പമുള്ള ദൃശ്യം ആസ്ട്രേലിയൻ മാധ്യമപ്രവർത്തക അനുവാദമില്ലാതെ പകർത്തിയതാണ് കോഹ്‍ലിയെ ചൊടിപ്പിച്ചത്.privacy
‘‘കുട്ടികൾ കൂടയുണ്ടാകുമ്പോൾ എനിക്ക് സ്വകാര്യത ആവശ്യമാണ്. എന്റെ അനുവാദമില്ലാതെ നിങ്ങൾ ഷൂട്ട് ചെയ്യരുത്’’ -കോഹ്‍ലി മാധ്യമപ്രവർത്തകയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കോഹ്‍ലിയും മാധ്യമ പ്രവർത്തകയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടതായും വാർത്തകൾ പറയുന്നു. എന്നാൽ കുടുംബത്തെ ചിത്രീകരിച്ചില്ലെന്ന് മാധ്യമപ്രവർത്തകയും ക്യാമറമാനും വിശദീകരിച്ചു. ഇതിനെത്തുടർന്നാണ് രംഗം ശാന്തമായത്.
ആസ്ട്രേലിയൻ പര്യടനം നടത്തുന്ന കോഹ്‍ലിക്കൊപ്പം ഭാര്യ അനുഷ്ക ശർമയും മക്കളുമുണ്ട്. സ്വകാര്യതയെ ബാധിക്കാതിരിക്കാൻ ഇരുവരും പൊതുമധ്യത്തിൽ കുട്ടികളുമായി അധികം പ്രത്യക്ഷപ്പെടാറില്ല. ഡിംസബർ 26ന് മെൽബണിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.