‘ഞാൻ പാർലമെന്‍റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ പാർലമെന്‍റ് എന്‍റേതാകുമോ?’; ഉവൈസി
ന്യൂഡൽഹി: തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ വേണ്ടി മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ‘ഇവിടെ ഞാൻ പാര്‍ലമെന്റില്‍ കുഴിച്ച് നോക്കി എന്തെങ്കിലും കിട്ടിയാല്‍ അതിനര്‍ഥം പാര്‍ലമെന്റ് എന്റേതാണെന്നാണോ’ എന്ന് ഉവൈസി ചോദിച്ചു. പാര്‍ലമെന്റില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Uwaisi
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച ഉവൈസി ഭരണഘടനാപരമായ അവകാശങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ വിമർശിച്ചു. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ ശാഹി ജമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട നടപടികൾ രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയും സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് ഉവൈസി ആരോപിച്ചു.
‘പല സംസ്ഥാനങ്ങളും നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവർ ഗോവധ നിരോധനം ഉണ്ടാക്കി. ഹരിയാനയിലും രാജസ്ഥാനിലും പശു സംരക്ഷകർക്ക് പൊലീസ് അധികാരം നൽകി. അവർ അത് ഉപയോഗിച്ച് ആൾക്കൂട്ടക്കൊല നടത്തി. ബംഗാളിൽ സാബിർ മാലിക് എന്ന ആൺകുട്ടിയെ മാർക്കറ്റിൽ വച്ച് അടിച്ചു കൊന്നു’ എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26, 29, 30 എന്നിവ പരാമര്‍ശിച്ചുകൊണ്ട്, മതസ്വാതന്ത്ര്യവും സാംസ്‌കാരിക സ്വത്വത്തിന്റെ സംരക്ഷണവും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഇന്ന് പെൺകുട്ടികളെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കുകയാണ്. അപ്പോള്‍ ആര്‍ട്ടിക്കിള്‍ 25ന്റെ പ്രസക്തി എന്താണ്’ എന്ന് ഉവൈസി ചോദിച്ചു.