പത്തു രാജ്യങ്ങൾ ഒന്നിച്ചാലൊരു വിമാനം, ബോയിങ് വിമാനങ്ങളുടെ നിർമാണത്തെക്കുറിച്ചറിയാം…

together

ബോയിങ് വിമാനങ്ങൾ എന്ന് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. കഴിഞ്ഞ ദിവസം അഹമ്മദാബാദിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് വിമാനം അപകടത്തിൽപെട്ടതോടെ ഈ വിമാനങ്ങളാണ് ചർച്ചാ വിഷയം. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അമേരിക്കയിലെ പ്രശസ്തമായ കമ്പനികളിലൊന്നായ ബോയിങ് ഒരു സമയത്ത് ചില തിരിച്ചടികൾ നേരിട്ടിരുന്നെങ്കിലും ആഗോളതലത്തിൽ തന്റെ സ്ഥാനം എന്നേ ഉറപ്പിച്ചു കഴിഞ്ഞതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായാണ് ബോയിങ് വിമാനത്തിന്റെ ഭാഗങ്ങളെത്തിക്കുന്നത്. പത്തു രാജ്യങ്ങളിലായി നിർമിക്കുന്ന വിവിധ ഭാഗങ്ങൾ കൂട്ടിയോചിപ്പിച്ചാണ് നാം കാണുന്ന വിമാനമായി മാറുന്നത്.

ഒരു വിമാനം നിർമിക്കുന്നതത്ര നിസാരമല്ലല്ലോ. ബോയിങ് 737 എൻജിയുടെ ബോഡി നിർമിക്കാൻ മാത്രം 5,00,000 ഭാഗങ്ങൾ വേണം. ബോയിങ് 777ന് ഇത് മൂന്ന് ദശലക്ഷം വരും. ഇതെല്ലാം നിർമിക്കുന്നത് ഒരു കമ്പനിയും ജീവനക്കാരുമാണെങ്കിൽ എടുത്തേക്കാവുന്ന സമയവും ജോലി ഭാരവും ഒന്നോർത്തു നോക്കൂ. അതുകൊണ്ട് തന്നെ ഓരോ ഭാഗങ്ങളും പ്രത്യേക ശ്രദ്ധയോടും വൈദഗ്ധ്യത്തോടും കൂടി ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് നിർമിക്കുന്നത്.

ഉദാഹരണത്തിന്, ഡ്രീംലൈനർ വിമാനങ്ങളുടെ ചിറകുകളുടെ അറ്റം (വിംഗ്ടിപ്) നിർമിക്കുന്നത് സൗത്ത് കൊറിയയിലെ ബുസാനിലാണ്. അതേ വിമാനത്തിന്റെ ലാൻഡിങ് ഗിയർ നിർമിക്കുന്നതാകട്ടെ യുകെയിലെ ഗ്ലോസ്റ്ററിലും, ഇതിന്റെ തന്നെ ഹൊറിസോണ്ടൽ സ്റ്റബിലൈസർ ഇറ്റലിയിലെ ഫോഗിയയിലുമാണ്.

ആയിരക്കണക്കിന് വരുന്ന ഭാഗങ്ങൾ നിർമിക്കുന്ന സ്ഥലങ്ങളുടെ പേരെഴുതാൻ വലിയൊരു പട്ടിക തന്നെ വേണ്ടിവരും. പ്രധാന ഭാഗങ്ങൾ നിർമിക്കുന്ന സ്ഥലങ്ങളും അവ കൂട്ടിയോചിപ്പിക്കുന്ന സ്ഥലങ്ങളും ഏതൊക്കെയെന്നറിയാം.

ഇവറിറ്റ് – ആകാശ റാണിക്കായി ഒരുക്കിയ വീട്

യുഎസിലെ മൂന്നു പ്രധാന ഇടങ്ങളിലാണ് ബോയിങിന്റെ ഉൽപാദനം നടത്തുന്നത്. വാഷിങ്ടണിൽ സ്ഥിതിചെയ്യുന്ന ഇവറിറ്റ്, റെൻഡൻ എന്നീ സ്ഥലങ്ങളിലും സൗത്ത് കരോലിനയിലുമാണ് ബോയിങിന്റെ പ്ലാന്റുകൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിർമാണ കെട്ടിടങ്ങളിലൊന്ന് ഇവറിറ്റിലാണെന്ന് പറയപ്പെടുന്നു. ബോയിങ് 747,767,777,787 എന്നിവയുടെ ഉത്തരവാദിത്തവും ഈ പ്ലാന്റിനാണ്.

1967 മേയിലാണ് ഇവറിറ്റിൽ ബോയിങ് പ്രവർത്തനമാരംഭിക്കുന്നത്. റെൻഡണിലെ പ്ലാന്റിൽ ബോയിങ് 737ഉം വാണിജ്യ ലൈനറുകളും നിർമിക്കുമ്പോൾ സൗത്ത് കരോലിനയിൽ ബോയിങ് 787ന്റെ അസംബ്ലി സംവിധാനവുമുണ്ട്.

സ്പിരിറ്റ് എയറോസിസ്റ്റമാണ് ബോയിങ് വിമാനങ്ങളുടെ മുൻവശം നിർമിക്കുന്നത്. വിമാനത്തിന്റെ എഞ്ചിനുകളും യുഎസിൽ തന്നെയാണ് നിർമിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഭാഗങ്ങളെത്തിച്ച് ആകാശം കീഴടക്കിയ വിമാന റാണിയെ കൂട്ടിച്ചേർക്കുന്നതും യുഎസിൽ തന്നെ. നോർത്ത് ചാൽസ്റ്റണിൽ വെച്ച് അവസാനവട്ട പണികൾ പൂർത്തിയാവുന്നതോടെ ആകാശം ലക്ഷ്യമിട്ട് ബോയിങ് വിമാനങ്ങൾ ഇറങ്ങുന്നു.

ചൈന

ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രിയൽ ഗ്രൂപ്പാണ് ബോയിങ് വിമാനത്തിന്റെ റഡ്ഡറുകൾ നിർമിക്കുന്നത്. വിമാനത്തിന്റെ സ്ഥിരത നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് റഡ്ഡറുകൾക്കാണ്. വാലിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ഭാഗം വിമാനത്തെ നേരെ നിർത്താൻ സഹായിക്കുന്നു. ടേക്ക് ഓഫിന്റെ സമയത്തും ലാൻഡിങിന്റെ സമയത്തും വിമാനത്തെ ശരിയായി വിന്യസിക്കാൻ റഡ്ഡറുകൾ ആവശ്യമാണ്.

ചൈനയിലെ തന്നെ ഷെൻയാങ് എയർക്രാഫ്റ്റ് ഗ്രൂപ്പാണ് ലംബമായിരിക്കുന്ന ചിറകുകളിലെ ഒരു ഭാഗമായ ലീഡിങ് എഡ്ജ് നിർമിക്കുന്നത്. വിമാനത്തിന്റെ ഏറ്റവും പിൻഭാഗത്തുള്ള റഡ്ഡറുകളുടെ മുൻപിലായി വരുന്ന ഭാഗമാണ് ഇത്. ഹഫൈ ഏവിയേഷൻ ഇൻഡസ്ട്രിയാണ് ചിറകുകളെ വിമാനവുമായി ബന്ധിപ്പിക്കുന്ന പാനലുകൾ നിർമിക്കുന്നത്.

 

ജപ്പാൻ

കസാക്കി ഹെവി ഇൻഡസ്ട്രീസ് ആണ് വിമാനത്തിന്റെ പ്രധാന ശരീരഭാഗങ്ങളിലൊന്നായ മിഡ് ഫ്യൂസലേജ് നിർമിക്കുന്നത്. യാത്രക്കാരെയും ക്രൂ മെമ്പേഴ്‌സിനേയും വഹിക്കുന്നതിനോ അല്ലെങ്കിൽ കാർഗോ സൂക്ഷിക്കുന്നതിനോ ഒക്കെയാണ് ഈ ഭാഗം. രണ്ടു ഭാഗങ്ങളിലായുള്ള ചിറകുകളിലെ ട്രയിലിങ് എഡ്ജുകളും ഇതേ കമ്പനിയാണ് നിർമിക്കുന്നത്.

മിസ്ടുബിഷി ഹെവി ഇൻഡസ്ട്രീസ് ആണ് വിങ് ബോക്‌സുകൾ നിർമിക്കുന്നത്. ചിറകുകളുടെ ഭാരം കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.

സൗത്ത് കൊറിയ

സൗത്ത് കൊറിയയിലെ കൊറിയൻ എയർ ആണ് വിമാനങ്ങളുടെ വിങ്ടിപ്പുകളും ടൈൽ കോണുകളും നിർമിക്കുന്നത്. വിമാനത്തിന്റെ ഇന്ധനക്ഷമത കൂട്ടുന്നതിനും വലിവ് കുറക്കുന്നതിനും സഹായിക്കുന്ന ഭാഗമാണ് വിങ്ടിപ്പുകൾ.

ആസ്‌ട്രേലിയ

മെൽബണിലെ ബോയിങ് കമ്പനിയാണ് ചലിപ്പിക്കാൻ കഴിയുന്ന ട്രെയിലിങ് എഡ്ജുകൾ നിർമിക്കുന്നത്. വിമാനത്തിന്റെ ചിറകുകളുടെ പിൻവശമാണിത്.

കാനഡ

വിന്നിപെഗ്ഗിലെ ബോയിങ് കമ്പനിയാണ് വിമാനത്തിലെ പ്രധാന ലാൻഡിങ് ഗിയർ ഡോറുകൾ നിർമിക്കുന്നത്. ബോഡിയിലെയും ചിറകിലെയും ലാൻഡിങ് ഗിയറുകളാണ് ഇവിടെ നിർമിക്കുന്നത്. ഇത് മാത്രമല്ല വിമാനത്തിന്റെ മറ്റു പല ഭാഗങ്ങളും നിർമിക്കുന്നതിനും ഈ കമ്പനിക്ക് പങ്കുണ്ട്.

ഇംഗ്ലണ്ട്

വിമാനത്തിന്റെ ലാൻഡിങ് ഗിയറുകളായ പ്രധാന ലാൻഡിങ് ഗിയറും നോസ് ലാൻഡിങ് ഗിയറും നിർമിക്കുന്നത് ഇംഗ്ലണ്ടിലാണ്. സഫ്രാൻ എന്ന് കമ്പനിയാണ് ഇതിൽ പ്രവർത്തിക്കുന്നത്.

ഫ്രാൻസ് & സ്വീഡൻ

വിമാനത്തിന്റെ പ്രധാന ഡോറുകളാണ് ഫ്രാൻസിൽ നിർമിക്കുന്നത്. ലാറ്റെകോയർ കമ്പനിയാണ് യാത്രക്കാർക്കായുള്ള രണ്ടു ഡോറുകളും നിർമിച്ചു നൽകുന്നത്.

കാർഗോകൾക്കായുള്ള ഡോറുകളാണ് സ്വീഡനിൽ നിർമിക്കുന്നത്. രണ്ട് കാർഗോ ഡോറുകളും സാബ് എന്ന കമ്പനിയുടേതാണ്.

ഇറ്റലി

വിമാനത്തിന്റെ യാത്രക്കാരെയും ക്രൂ മെമ്പേഴ്‌സിനേയും വഹിക്കുന്ന ശരീരഭാഗവും തിരശ്ചീനമായുള്ള സ്റ്റെബിലൈസറും നിർമിക്കുന്നത് ഇവിടെയാണ്. വിമാനത്തിന്റെ വാലറ്റത്തായാണ് തിരശ്ചീന സ്റ്റെബിലൈസറുകളുള്ളത്. വിമാനത്തിന്റെ സ്ഥിരത നിലനിർത്താൻ ഇവ അത്യാന്താപേക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *