സ്ത്രീകള്‍ക്ക് ജോലി നല്‍കിയാല്‍ അടച്ചു പൂട്ടും: അഫ്ഗാനിസ്ഥാനിലെ എന്‍ജിഒ കള്‍ക്ക് താലിബാന്റെ മുന്നറിയിപ്പ്
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന എല്ലാ ദേശീയ, വിദേശീയ സര്‍ക്കാരിതര സ്ഥാപനങ്ങളും (എന്‍ ജി ഒ ) അടച്ചുപൂട്ടുമെന്ന് താലിബാന്‍. ശിരോവസ്ത്രം ശരിയായി ധരിക്കുന്നില്ലെന്ന് ആരോപിച്ച് അഫ്ഗാന്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എന്‍ജിഒകളോട് പറഞ്ഞതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ തീരുമാനം വരുന്നത്.Taliban’s
പുതിയ ഉത്തരവ് പാലിക്കാത്ത എന്‍ജിഒകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്ടപ്പെടുമെന്ന് സാമ്പത്തിക മന്ത്രാലയം ഞായറാഴ്ച രാത്രി എക്സില്‍ പ്രസിദ്ധീകരിച്ച ഒരു കത്തില്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ, വിദേശ സംഘടനകള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും രജിസ്‌ട്രേഷന്‍, ഏകോപനം, നേതൃത്വം, മേല്‍നോട്ടം എന്നിവയുടെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് മന്ത്രാലയം അറിയിച്ചു. സഹകരണം ഇല്ലെങ്കില്‍, മന്ത്രാലയം അനുവദിച്ച സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ലൈസന്‍സും റദ്ദാക്കുകയും ചെയ്യും.
അഫ്ഗാനില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ അഭിമുഖീകരിക്കുന്ന കെട്ടിടങ്ങളില്‍ ജനാലകള്‍ നിര്‍മിക്കുന്നത് നിരോധിക്കാന്‍ കഴിഞ്ഞ ദിവസം താലിബാന്‍ ഉത്തരവിട്ടിരുന്നു. അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പരമോന്നത നേതാവ് അഫ്ഗാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ജനാലകള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചത്. നടപടി പാലിക്കല്‍ ഉറപ്പാക്കാന്‍ നഗരസഭാ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.