‘IL FOGLIO’; ലോകത്തിലെ ആദ്യത്തെ എഐ തയ്യാറാക്കിയ ദിനപത്രം പുറത്തിറക്കി ഇറ്റലി
റോം: പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോ. നാല് പേജുകളാണ് ഇല്‍ ഫോഗ്ലിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പത്രം ന്യൂസ്‌സ്റ്റാൻഡുകളിലും ഓൺലൈനിലും ലഭ്യമായി തുടങ്ങി.newspaper
ദൈനംദിന പത്രപ്രവര്‍ത്തനത്തില്‍ എഐയുടെ പങ്ക് ചൂണ്ടിക്കാണിക്കാനുള്ള ഒരു പരീക്ഷണമാണിതെന്നും, ഒരു മാസം നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിലാണ് നേട്ടം സാധ്യമായതെന്നും ഇല്‍ ഫോഗ്ലിയോ എഡിറ്റർ ക്ലോഡിയോ സെറാസ പറഞ്ഞു. ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ എഐയെ ഉപയോഗപ്പെടുത്താന്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും കണ്ടന്റുകള്‍ക്ക് വേണ്ടി എഐ ഉപയോഗിക്കാന്‍ ബിബിസി ന്യൂസ് ഉദ്ദേശിക്കുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇല്‍ ഫോഗ്ലിയോയുടെ എഐ നിര്‍മ്മിത പതിപ്പിന്റെ ഒന്നാം പേജില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള ലേഖനമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുവ യൂറോപ്യന്മാര്‍ പരമ്പരാഗത ബന്ധങ്ങളില്‍ നിന്ന് അകന്നുപോകുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് രണ്ടാം പേജില്‍ കൊടുത്തിരിക്കുന്നത്. പത്രത്തിന്റെ അവസാന പേജില്‍ എഡിറ്റര്‍ക്കുള്ള എഐ നിര്‍മ്മിത കത്തുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.